< Back
India
35 കോടിയുടെ കൊക്കെയ്‌നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍

Photo | INDIA TODAY

India

35 കോടിയുടെ കൊക്കെയ്‌നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍

Web Desk
|
1 Oct 2025 11:27 AM IST

3.5 കിലോ കൊക്കെയ്‌നുമായാണ് ബോളിവുഡ് നടന്‍ വിശാൽ ബ്രഹ്മ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്

ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്‌നുമായാണ് ബോളിവുഡ് നടന്‍ വിശാൽ ബ്രഹ്മ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.

കംബോഡിയയിൽനിന്ന് സിങ്കപ്പുർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയ 35 വയസുള്ള നടനെയാണ് കസ്റ്റംസ് അധികൃതരും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അധികൃതരും ചേർന്ന് സംയുക്തമായി അറസ്റ്റുചെയ്തത്. കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എന്നാല്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്റെ വാദം.

ടൂറിസ്റ്റ് വിസയിൽ കംബോഡിയിൽ പോയ ഇയാൾ സിങ്കപ്പുർ വഴി ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. മുൻപ്‌ എത്രതവണ കംബോഡിയയിലേക്ക് പോയിരുന്നെന്നും എത്രരൂപ വിലമതിക്കുന്ന മയക്കുമരുന്ന് കൊണ്ടുവന്നിരുന്നെന്നുമുള്ള വിവരങ്ങൾ ഡിആർഐ അന്വേഷിച്ചുവരുകയാണ്.

കൊക്കെയ്‌ൻ കടത്തലുമായി ബന്ധപ്പെട്ട് നടന്റെ സഹായികളായ ഏതാനുംപേർകൂടി നഗരത്തിലുണ്ടെന്നും അവരെ പിടികൂടുന്നതുവരെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും ഇതുസംബന്ധിച്ച്‌ അധികൃതർ അറിയിച്ചു. നടന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലുള്ള മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Similar Posts