
'ബോംബുവെച്ച് കാർ തകർക്കും'; ഏക്‌നാഥ് ഷിൻഡേക്ക് വീണ്ടും വധഭീഷണി, സുരക്ഷ ശക്തമാക്കി
|മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലേക്കും സമാനമായ ഭീഷണി മെയിലുകൾ ലഭിച്ചിട്ടുണ്ട്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് വധഭീഷണി. ഉപ മുഖ്യമന്ത്രി സഞ്ചരിക്കുന്ന കാറില്‍ സ്‌ഫോടനം നടക്കുമെന്ന് അജ്ഞാത ഇ- മെയില്‍ സന്ദേശം ലഭിച്ചതായി മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സമാനമായ ഭീഷണി മെയിലുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല ഷിന്‍ഡെക്കു നേരെ വധഭീഷണി ഉണ്ടാകുന്നത്. ഫെബ്രുവരി 11ന് അദ്ദേഹത്തിന് നേരെയും മകനും എംപിയുമായ ശ്രീകാന്ദ് ഷിന്‍ഡെക്കു നേരെയും 19 കാരനായ കോളേജ് വിദ്യാർഥി വധഭീഷണി മുഴക്കിയിരുന്നു.
സാമൂഹിക മാധ്യമമായ എക്സ് വഴിയുള്ള വധഭീഷണിയിൽ 19 വയസ്സുകാരനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. അതേസമയം, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ശിവസേനാ നേതാവ് കൂടിയായ ഷിൻഡെ ഡൽഹിയിൽ എത്തുകയും ചെയ്തു.