< Back
India
Bombay High Court rejects plea by CPI(M) for permission to hold rally against Gaza genocide
India

'ദേശസ്‌നേഹികളാവൂ, ഇന്ത്യയിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കൂ'; സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി

Web Desk
|
25 July 2025 5:18 PM IST

നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ്. കഴിയുമെങ്കിൽ മാലിന്യസംസ്‌കരണം, മലിനീകരണം, അഴുക്കുചാൽ നിർമാണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.

മുംബൈ: ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ സിപിഎം സമർപ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. ഗസ്സ വംശഹത്യക്കെതിരെ ആസാദ് മൈതാനിയിൽ റാലി നടത്താനുള്ള നീക്കം മുംബൈ പൊലീസ് തടഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്.

ആയിരക്കണക്കിന് മൈലുകൾക്ക് അകലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് പകരം പാർട്ടി ഇന്ത്യയെ ബാധിക്കുന്ന ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖദ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.



''നമ്മുടെ രാജ്യത്ത് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. ഇതുപോലുള്ള കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ വളരെ ഹ്രസ്വ ദൃഷ്ടിയുള്ളവരാണെന്ന് പറയേണ്ടിവന്നതിൽ ഖേദമുണ്ട്. നിങ്ങൾ ഗസ്സയിലെയും ഫലസ്തീനിലെയും പ്രശ്‌നങ്ങൾ നോക്കിയിരിക്കുകയാണ്. നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് നോക്കൂ. ദേശസ്‌നേഹികളാവൂ. ഇത് രാജ്യസ്‌നേഹമല്ല. എന്നാൽ ആളുകൾ പറയുന്നത് അവർ രാജ്യസ്‌നേഹികളാണെന്നാണ്''- കോടതി പറഞ്ഞു.

നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ മാലിന്യസംസ്‌കരണം, മലിനീകരണം, അഴുക്കുചാൽ നിർമാണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഏറ്റെടുക്കണം. ചില ഉദാഹരണങ്ങൾ മാത്രമാണ് തങ്ങൾ പറയുന്നത്. ഇതുപോലുള്ള കാര്യങ്ങൾക്കല്ല നിങ്ങൾ പ്രതിഷേധിക്കുന്നത്. മറിച്ച് ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറത്ത് നമ്മുടെ രാജ്യത്തിന് പുറത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് എതിരെയാണ്.

രാജ്യത്തിന്റെ വിദേശനയം നിങ്ങളുടെ പാർട്ടി സ്വീകരിക്കുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു. നിങ്ങൾ ഫലസ്തീൻ പക്ഷത്തോ, ഇസ്രായേൽ പക്ഷത്തോ നിൽക്കുമ്പോൾ രാജ്യത്തിന്റെ നയതന്ത്രരംഗത്ത് അത് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.

ഓൾ ഇന്ത്യാ സോളിഡാരിറ്റി ഓർഗനൈസേഷന്റെ അപേക്ഷ നിരസിച്ചുകൊണ്ട് ജൂൺ 17-നാണ് മുംബൈ പൊലീസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത്. രാജ്യത്തിന്റെ വിദേശനയത്തിന് എതിരാണെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Similar Posts