< Back
India
kunal kamra book myshow
India

വിവാദത്തിന് പിന്നാലെ കുനാൽ കമ്രയെ ഒഴിവാക്കി ബുക്ക് മൈഷോ

Web Desk
|
6 April 2025 1:10 PM IST

കുനാലിന് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

ന്യൂഡൽഹി: വിവാദത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കി ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ. വെബ്സൈറ്റിലെ കലാകാരൻമാരുടെ പട്ടികയിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കി.

നടപടിക്ക് പിന്നാലെ കുനാൽ കമ്ര ‘എക്സി’ൽ ട്വീറ്റിട്ടു. ‘ഹലോ ബുക്ക് മൈ ഷോ, എന്റെ ഷോകൾ ലിസ്റ്റ് ചെയ്യാൻ നിങ്ങളുടെ പ്ലാറ്റ്‌ഫോം ഉണ്ടോ എന്ന് ദയവായി സ്ഥിരീകരിക്കാമോ? ഇല്ലെങ്കിൽ കുഴപ്പമില്ല. എനിക്ക് മനസ്സിലായി’ -അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് കുനാൽ കമ്രക്കെതിരെ കേസെടുത്തിരുന്നു. ഇദ്ദേഹത്തിന് വേദി നൽകരുതെന്ന് അഭ്യർത്ഥിച്ച് ശിവസേന (ഷിൻഡെ വിഭാഗം) യുവ നേതാവ് റഹൂൾ എൻ. കനാൽ ബുക്ക് മൈഷോയ്ക്ക് കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബുക്ക് മൈഷോയുടെ നടപടി. കലാകാരന്മാരുടെ പട്ടികയിൽനിന്ന് കുനാൽ കമ്രയെ നീക്കം ചെയ്യാനുള്ള ബുക്ക് മൈഷോയുടെ തീരുമാനത്തെ കമ്ര സ്വാഗതം ചെയ്തു.

മുംബൈ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച കുനാൽ കമ്രക്ക് മൂന്നാമത്തെ സമൻസ് അയച്ചിരുന്നു. സംഭവത്തിന് പിന്നാലെ അഞ്ഞൂറിലധികം വധഭീഷണികളാണ് കമ്രക്ക് ഫോണിലൂടെ ലഭിച്ചത്. ഇതിനെ തുടർന്ന് ഇദ്ദേഹം മുംബൈയിൽനിന്ന് സ്വന്തം നാടായ തമിഴ്നാട്ടിലേക്ക് മടങ്ങി. തുടർന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും മുംബൈ പൊലീസിന്റെ അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നേടുകയും ചെയ്തു.

ഏപ്രില്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ മഹാരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്നും കുനാല്‍ ഹരജിയില്‍ പറഞ്ഞു. 2021 മുതല്‍ താന്‍ ചെന്നൈയിലേക്ക് താമസം മാറിയെന്നും അന്ന് മുതല്‍ താന്‍ തമിഴ്‌നാട് സംസ്ഥാനത്തെ താമസക്കാരനാണെന്നും ഹരജിയില്‍ കുനാല്‍ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഹരജിയെന്നും അദ്ദേഹം പറഞ്ഞു.

യുട്യൂബ് വിഡിയോയില്‍ ഹിന്ദി ചലച്ചിത്രമായ 'ദില്‍ തോ പാഗല്‍ ഹേ'യുടെ പാരഡി അവതരണത്തിലൂടെ ഏക്നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ ആണെന്ന് പരാമര്‍ശിക്കുകയുമായിരുന്നു. ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളി. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു.

Similar Posts