< Back
India
Boy 7 Found Dead In Bihar Hostel Family Claims Throat Was Slit
India

ബിഹാറിൽ ഏഴ് വയസുകാരനെ ഹോസ്റ്റലിൽ കഴുത്തറുത്ത് കൊന്നു; നാല് പേർ പിടിയിൽ

Web Desk
|
16 Nov 2025 8:25 PM IST

അഞ്ച് മാസമായി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർഥി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പട്ന: ഏഴ് വയസുകാരനായ വിദ്യാർഥിയെ ഹോസ്റ്റലിൽ കഴുത്തറുത്ത് കൊന്നു. വൈശാലി ജില്ലയിലെ ഹാജിപൂരിലെ ​ഗോപാൽപൂർ ചൗകിലാണ് സംഭവം. പ്രദേശത്തെ ഒരു സ്കൂളിന് കീഴിലുള്ള ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ബെൽസറിലെ കല്യാൺപൂർ സ്വദേശിയായ അർജുൻ താക്കൂർ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ​വൈശാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്യാൻ നികേതൻ സ്കൂളിന്റെ ഹോസ്റ്റലിലാണ് കുട്ടി കൊല്ലപ്പെട്ടത്.

കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ടായിരുന്നു. അഞ്ച് മാസമായി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർഥി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം ആരംഭിച്ചിരുന്നു. രോഷാകുലരായ നാട്ടുകാർ ഹോസ്റ്റലിന് നേരെ കല്ലെറിയുകയും അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് രം​ഗം ശാന്തമായത്. സം​ഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിൽ ഹോസ്റ്റൽ കൺട്രോളർ അടക്കം നാല് പേർ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്താണ് മർദനകാരണമെന്നും ആരാണ് കൊന്നതെന്നും വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

'ഹോസ്റ്റലിൽ കയറിയപ്പോൾ കുട്ടി കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. അവന്റെ കാലിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. വടികൊണ്ട് അടിച്ചതുപോലെ തോന്നി. ഇതോടൊപ്പം, കഴുത്തിൽ വെട്ടിയതിന്റെ മുറിവും ഉണ്ടായിരുന്നു. ഹോസ്റ്റൽ അധികൃതർ കുട്ടിയെ മുമ്പും തല്ലിയിരുന്നു. ഇക്കാര്യം ഒരിക്കൽ അവൻ എന്നെ അറിയിച്ചിരുന്നു. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകൻ തല്ലിയതാവാം എന്നാണ് ഞങ്ങൾ കരുതിയത്. ഹോസ്റ്റൽ മാനേജ്മെന്റിന്റെ അനാസ്ഥ മൂലമാണ് ഈ കൊലപാതകം നടന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം'- കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവൻ ആവശ്യപ്പെട്ടു.

അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Similar Posts