
ക്ലാസ് സമയത്ത് ഉറങ്ങിപ്പോയി; ഏഴ് വയസുകാരനെ ഏഴ് മണിക്കൂർ സ്‌കൂളിൽ പൂട്ടിയിട്ട് അധ്യാപകർ
|സ്‌കൂളിന്റെ പൂട്ട് ബലമായി തകർത്താണ് പൊലീസ് അകത്ത് കയറിയത്
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഉറങ്ങിപ്പോയ ഏഴുവയസുകാരനെ സ്‌കൂളിൽ പൂട്ടിയിട്ടു. ഏഴുമണിക്കൂറിന് ശേഷമാണ് കുട്ടിയെ സ്‌കൂളിൽ നിന്ന് കണ്ടെത്തിയത്. ചാർഗവാൻ ജില്ലയിലെ പരമേശ്വർപൂരിലെ സർക്കാർ എലിമെന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസ് അവസാനിച്ചതറിയാതെ വിദ്യാർഥി ഉറക്കം തുടർന്നു.ഈ സമയം സ്‌കൂൾ പൂട്ടി ജീവനക്കാരും വീട്ടിലേക്ക് പോയി.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാൽ സ്‌കൂൾ പൂട്ടിയ നിലയിലായിരുന്നു.തുടർന്ന് അവർ പൊലീസിലും വിവരമറിയിച്ചു.
പൊലീസും സ്‌കൂളിലെത്തി. അപ്പോഴാണ് സ്‌കൂളിനകത്ത് നിന്ന് ഒരു കുട്ടി കരയുന്ന ശബ്ദം കേട്ടത്. തുടർന്ന് സ്‌കൂളിന്റെ പൂട്ട് ബലമായി തകർത്ത് അകത്ത് കയറിയാണ് പൊലീസ് കുട്ടിയെ രക്ഷിച്ചത്. വിദ്യാർഥികൾ ആരെങ്കിലും ക്ലാസിലുണ്ടോ എന്ന് നോക്കാതെയാണ് ജീവനക്കാർ സ്‌കൂൾ പൂട്ടിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

