< Back
India
എന്തിനാണീ വിവാഹഘോഷയാത്ര, ഇന്‍ഡ്യ സഖ്യം ബഹിഷ്കരിക്കണം; വിദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ സഞ്ജയ് റാവത്ത്
India

'എന്തിനാണീ 'വിവാഹഘോഷയാത്ര', ഇന്‍ഡ്യ സഖ്യം ബഹിഷ്കരിക്കണം'; വിദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ സഞ്ജയ് റാവത്ത്

Web Desk
|
18 May 2025 4:04 PM IST

പ്രതിനിധി സംഘങ്ങളെ വിദേശരാജ്യത്തേക്ക് അയ്ക്കുന്നതിനെ വിവാഹത്തിന് വരന്‍ ഘോഷയാത്രയായി വരുന്നതിനോടാണ് റാവത്ത് ഉപമിച്ചത്.

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും എംപിയുമായ സഞ്ജയ് റാവത്ത്.

പ്രതിനിധി സംഘങ്ങളെ വിദേശരാജ്യത്തേക്ക് അയ്ക്കുന്നതിനെ വിവാഹത്തിന് വരന്‍ ഘോഷയാത്രയായി വരുന്നതിനോടാണ് റാവത്ത് ഉപമിച്ചത്.

പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാകിസ്താന്റെ നിലപാടുകൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സർവകക്ഷി സംഘത്തെ അയയ്ക്കുന്നത്. ആകെ ഏഴ് സംഘങ്ങളെയാണ് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇതിൽ നാല് സംഘങ്ങളെ നയിക്കുന്നത് ബിജെപി- എൻഡിഎ നേതാക്കളാണ്.

'ഈ ഘോഷയാത്രയുടെ യാതൊരാവശ്യവുമില്ല. പ്രധാനമന്ത്രി ദുര്‍ബലനാണ്. ഇക്കാര്യത്തില്‍ തിടുക്കം കാണിക്കേണ്ടിയിരുന്നില്ലെന്നും'- അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ പ്രതിനിധി സംഘത്തിലുള്‍പ്പെടുത്തിയതിനെയും റാവത്ത് വിമര്‍ശിച്ചു. ഉപമുഖ്യമന്ത്രിയുടെ മകന്‍ വിദേശത്ത് എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

'ബിജെപി ഇതിനെയും രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. എല്ലാത്തിലും രാഷ്ട്രീയം കളിക്കുന്നത് അവരുടെ ശീലമാണ്. ഇന്‍ഡ്യ സഖ്യം സംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും'- അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തെ പ്രതിനിധീകരിച്ച് പ്രിയങ്ക ചതുർവേദിയാണ് പങ്കെടുക്കുന്നത്. ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് അവരുടെ യാത്ര.

Related Tags :
Similar Posts