< Back
India
Break Daughters Legs If She Visits Non-Hindus Says Pragya Thakur
India

നിങ്ങളുടെ മകൾ അഹിന്ദുക്കളെ സന്ദർശിച്ചാൽ അവളുടെ കാലൊടിക്കണം: പ്രഗ്യാസിങ് താക്കൂർ

Web Desk
|
19 Oct 2025 4:00 PM IST

മാതാപിതാക്കളുടെ ആ​ഗ്രഹത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ മക്കൾക്ക് ശാരീരികമായി കഠിനശിക്ഷ നൽകണമെന്നും അവർ പറഞ്ഞു.

ഭോപ്പാൽ‌: വീണ്ടും വിദ്വേഷ പരാമർശവുമായി‌ ബിജെപി നേതാവും മുൻ ഭോപ്പാൽ എംപിയുമായ പ്ര​ഗ്യാസിങ് താക്കൂർ. പെൺ‍മക്കൾ ഇതര മതസ്ഥരുടെ വീടുകളിൽ പോവുന്നത് ഹിന്ദുക്കളായ മാതാപിതാക്കൾ തടയണമെന്നും അവർ അനുസരണക്കേട് കാട്ടിയാൽ കാലൊടിക്കണമെന്നും പ്ര​ഗ്യാസിങ് താക്കൂർ പറഞ്ഞു. ഭോപ്പാലിൽ‍ നടന്ന മതപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്ര​ഗ്യാസിങ്ങിന്റെ വിദ്വേഷ പരാമർശം.

മാതാപിതാക്കളുടെ ആ​ഗ്രഹത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ മക്കൾക്ക് ശാരീരികമായി കഠിനശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. 'നമ്മുടെ മകൾ നമ്മളെ അനുസരിക്കുന്നില്ലെങ്കിൽ, അവളൊരു അഹിന്ദുവിന്റെ വീട്ടിൽ പോയാൽ, അവളുടെ കാലുകൾ ഒടിക്കാനായി മനസിനെ പാകപ്പെടുത്തണം- പ്ര​ഗ്യാസിങ് പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കാത്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം. കുട്ടികളുടെ ക്ഷേമത്തിനായി അവരെ അടിക്കേണ്ടിവന്നാൽ ആ നിലപാടിൽനിന്ന് മാതാപിതാക്കൾ ഒരിക്കലും പിന്നോട്ടുപോകരുത്. മാതാപിതാക്കൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്'- പ്ര​ഗ്യാസിങ് അവകാശപ്പെട്ടു.

'മൂല്യങ്ങൾ പാലിക്കാത്ത, മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്ന് ഓടിപ്പോകാൻ തയാറാകുന്ന പെൺകുട്ടികളുടെ കാര്യത്തിൽ‍ കൂടുതൽ ജാഗ്രത പാലിക്കുക. അവരെ നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കരുത്. തല്ലുക, അവരോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക, സമാധാനിപ്പിക്കുക, സ്നേഹിക്കുക അല്ലെങ്കിൽ ശകാരിക്കുക എന്നിവയിലൂടെ അവരെ തടയുക'- പ്ര​ഗ്യാസിങ് താക്കൂർ കൂട്ടിച്ചേർത്തു.

മുമ്പും നിരവധി തവണ വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുള്ളയാളാണ് പ്ര​ഗ്യാസിങ് താക്കൂർ. എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു. 'ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുക. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുക. നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂർച്ച കൂട്ടി സൂക്ഷിക്കണം'- എന്നായിരുന്നു ഇവരുടെ പരാമർശം.



Similar Posts