< Back
India
വരന് മുടിയില്ലെന്നറിഞ്ഞത് കല്യാണമണ്ഡപത്തില്‍ വച്ച്; വിഗ്ഗ് കണ്ട വധു ബോധം കെട്ടുവീണു, കല്യാണം മുടങ്ങി
India

വരന് മുടിയില്ലെന്നറിഞ്ഞത് കല്യാണമണ്ഡപത്തില്‍ വച്ച്; വിഗ്ഗ് കണ്ട വധു ബോധം കെട്ടുവീണു, കല്യാണം മുടങ്ങി

Web Desk
|
25 Feb 2022 1:33 PM IST

ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം

വരന് തലയില്‍ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണു. ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.

ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പരസ്പരം മാല ചാര്‍ത്തുന്നതിനിടെയാണ് വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുന്നത് വധുവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ വധുവിന്‍റെ കൂടെയുള്ളവരാണ് രഹസ്യം കണ്ടെത്തിയത്. ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു.വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ വിവാഹം മുടങ്ങിയ സങ്കടത്തില്‍ വരന്‍ അജയ് കുമാര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

അടുത്തിടെ ബിഹാറിലും സമാനസംഭവം നടന്നിരുന്നു. പൂർണിയ പ്രദേശത്ത് നിന്നുള്ള വരൻ തനിക്കും ബന്ധുക്കൾക്കും ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറിയിരുന്നു. പ്രശ്നം വഷളായപ്പോള്‍ വധുവിന്‍റെ ബന്ധുക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ വരന്‍ വിവാഹവേദി വിടുകയായിരുന്നു.

Similar Posts