< Back
India
ബി.എസ്‌.പി ഒറ്റയ്ക്ക് മത്സരിക്കും: യു.പിയിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു
India

ബി.എസ്‌.പി ഒറ്റയ്ക്ക് മത്സരിക്കും: യു.പിയിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

Web Desk
|
16 Jan 2024 7:39 AM IST

കഴിഞ്ഞ തവണ എസ്.പി- യും ബി.എസ്.പിയും ഒരുമിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്‌.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഉത്തർ പ്രദേശിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ തവണ എസ്.പി- യും ബി.എസ്.പിയും ഒരുമിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്.

2019 ഇൽ എസ്‌ പിയും ബി എസ്‌ പിയും ആർ എൽ ഡിയും ചേർന്ന മഹാസഖ്യമാണ് ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം യുപിയിൽ 39. 23 ശതമാനം വോട്ട് ആണ് നേടിയത്. 19.43 ശതമാനം ബി എസ്‌ പിയും 18.11 ശതമാനം എസ്‌ പിയും 1.69 ശതമാനം ആർ.എൽ.ഡി യും നേടി. സഖ്യമില്ലാതെ മത്സരിച്ച കോൺഗ്രസ് സ്വന്തമാക്കിയത് 6.31 ശതമാനം.

ബി എസ്‌ പി രാജ്യവ്യാപകമായി 2 കോടി 22 ലക്ഷം വോട്ടും എസ്പി 1 കോടി 56 ലക്ഷം വോട്ടും പെട്ടിയിലാക്കി. യുപിയിലെ 80 സീറ്റിൽ 62 എണ്ണവും ബിജെപി സഖ്യം സ്വന്തമാക്കി. വൈരം മറന്നു ഒറ്റകെട്ടായി മത്സരിച്ചെങ്കിലും ബി.എസ്.പിക്ക് 10 ഉം എസ്.പിക്ക് 5 ഉം സീറ്റ് മാത്രമാണ് നേടാനായത്. ഈ പരാജയം മുറിവിൽ ഉപ്പ് തേച്ചു.

പരസ്പരം പഴി ചാരി പാർട്ടികൾ വീണ്ടും രണ്ട് വഴിക്കായി. പ്രതിപക്ഷം ഭിന്നിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 11 ദിവസം യുപിയിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് കോൺഗ്രസിന്റെ കണ്ണ്.എല്ലാ പാർട്ടികൾക്കും വൻ വിജയവും കനത്ത പരാജയവും മാറി മാറി നൽകിയിട്ടുള്ള യുപി യുടെ വിധിഎഴുത്താകും ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകുക

Related Tags :
Similar Posts