< Back
India
ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
India

ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

Web Desk
|
30 Aug 2025 3:05 PM IST

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള സര്‍വേ നടന്നുവരികയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചാണ് ബുള്ളറ്റ് ട്രെയിൻ വരാൻ പോകുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025ൽ സംസാരിക്കുന്നതിനിടെയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു.

'പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും. രാജ്യത്തെ അഞ്ച് കോടിയില്‍ പരം ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. മേഖല ലോകത്തിലെ ഏറ്റവും വലിയ ക്ലസ്റ്ററും ഏറ്റവും വലിയ വിപണിയുമാക്കി മാറ്റും'- ചന്ദ്രബാബു നായിഡു പറഞ്ഞു.

മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോറിന്റെ ഭാഗമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. ആധുനിക സൗകര്യങ്ങള്‍, സാംസ്‌കാരിക പൈതൃകം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, പരിസ്ഥിതി സൗഹൃദമായ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത് എന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു.

Similar Posts