
മോദിക്കായി ഞാൻ രണ്ട് തവണ പ്രചാരണത്തിനിറങ്ങി, അദ്ദേഹം എന്റെ പാർട്ടിയെ തകർത്തു: ഉദ്ധവ് താക്കറെ
|മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കുക എന്നത് ബിജെപിയുടെ പഴയ സ്വപ്നമാണെന്നും ഉദ്ധവ് പറഞ്ഞു.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി താൻ രണ്ട് തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം തന്റെ പാർട്ടിയെ തകർത്തെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) മേധാവിയുമായ ഉദ്ധവ് താക്കറെ.
'മോദിക്കായി 2014ലും 2019ലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആളാണ് ഞാൻ. അതോർക്കുമ്പോൾ ഇന്നെനിക്ക് ദുഃഖവും ദേഷ്യവും വരുന്നു. ഞാൻ അദ്ദേഹത്തെ രണ്ട് തവണ സഹായിച്ചിട്ടും അദ്ദേഹമെന്റെ പാർട്ടിയെ തകർക്കുകയാണ് ചെയ്തത്'- ഉദ്ധവ് വിശദമാക്കി.
അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടയാളാണ് താനെന്നും എന്നാൽ ഇന്ന് തന്നെ അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കുക എന്നത് ബിജെപിയുടെ പഴയ സ്വപ്നമാണെന്നും ഉദ്ധവ് പറഞ്ഞു.
ഇപ്പോൾ ബാലാസാഹേബ് താക്കറെ ഇല്ലെന്നും സേനയെ കടലാസിൽ അവസാനിപ്പിച്ചു എന്നുമാണ് അവർ കരുതുന്നത്. പക്ഷേ അവർക്ക് അത് ചെയ്യാനാവില്ല. ബാലാസാഹിബ് ഉണ്ടായിരുന്ന 2012 വരെ ബിജെപി നേർവഴിയിൽ ആയിരുന്നു.
രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയ്ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഒരു വ്യക്തിയെക്കാൾ ഉപരി പെരുമാറ്റത്തെയാണ് കുറ്റപ്പെടുത്താനുള്ളതെന്നും അത് ബിജെപിയുടെ പെരുമാറ്റമാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.