
മുംബൈ നഗരത്തെ നിശ്ചലമാക്കാൻ താക്കറെ കുടുംബത്തിന് ഇപ്പോഴും കഴിയുമെന്ന് റാവത്ത്, അതൊക്കെ പണ്ടെന്ന് ഫഡ്നാവിസ്
|വർഷങ്ങൾക്ക് ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്
മുംബൈ: പത്ത് മിനിറ്റിനുള്ളിൽ മുംബൈ നഗരത്തെ നിശ്ചലമാക്കാൻ താക്കറെ കുടുംബത്തിന് ഇപ്പോഴും കഴിയുമെന്ന് ഉദ്ധവ് വിഭാഗം ശിവസേന എംപി സഞ്ജയ് റാവത്ത് . എന്നാൽ, അതൊക്കെ പണ്ടു നടന്നിരിക്കുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ലെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചടിച്ചു.
"താക്കറെമാർക്ക് ഒരിക്കലും അവസാനമുണ്ടാകില്ല. തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ തോൽവികൾ നേരിട്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ സംഘടന ശക്തമാണ്. ഇന്നും, ഞങ്ങൾക്ക് മുംബൈയെ 10 മിനിറ്റിനുള്ളിൽ നിശ്ചലമാക്കാൻ കഴിയും. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. താക്കറെ നിലനിൽക്കുന്നുണ്ടെങ്കിൽ, മറാത്തി ജനതയും മുംബൈയും നിലനിൽക്കും. ഇത് എല്ലാവർക്കും അറിയാം. ദേവേന്ദ്ര ഫഡ്‌നാവിസിനും വിനോദ് താവ്ഡെയ്ക്കും ഇത് അറിയാം," എന്‍ഡിവിയുടെ പവര്‍പ്ലേ എന്ന പരിപടിയിലാണ് റാവത്തിന്റെ അഭിപ്രായം. ഇതെ പരിപാടിയില്‍ തന്നെയായിരുന്നു ഫഡ്നാവിസിന്റെ മറുപടിയും.
'ഏക്‌നാഥ് ഷിന്‍ഡയെ മുംബൈയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്നാൽ അദ്ദേഹം 50 എംഎൽഎമാരുമായി വരികയും രാജ്ഭവനിൽ പോയി സർക്കാർ രൂപീകരിക്കുകയും ചെയ്തു. റാവത്ത് പറഞ്ഞതുപോലെ മുംബൈയെ നിശ്ചലമാക്കാൻ, ഒരുപക്ഷേ ബാൽ താക്കറെ ജീവിച്ചിരുന്നപ്പോൾ നടന്നിരുന്നേക്കും. എന്നാൽ ഇപ്പോഴുള്ളവർക്ക് അതൊന്നും ഇനി ചെയ്യാൻ കഴിയില്ല''- ഫഡ്നാവിസ് പറഞ്ഞു.
വരാനിരിക്കുന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ ഈ പരാമർശങ്ങൾ. വർഷങ്ങൾക്ക് ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി മറാത്ത വികാരം ഉണർത്തുന്ന പ്രചാരണങ്ങൾ ശിവസേന യുബിടി നടത്തുന്നുണ്ട്