< Back
India
തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടലുണ്ടായെന്ന് കനേഡിയൻ കമ്മീഷന്റെ റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി കേന്ദ്രം
India

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടലുണ്ടായെന്ന് കനേഡിയൻ കമ്മീഷന്റെ റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി കേന്ദ്രം

Web Desk
|
29 Jan 2025 1:41 PM IST

'നിയമവിരുദ്ധമായുള്ള കുടിയേത്തിനും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകരമായ അന്തരീക്ഷം കാനഡ സൃഷ്ടിക്കുന്നു'

ന്യൂഡൽഹി: കാനഡ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായെന്ന കനേഡിയൻ കമ്മീഷന്റെ റിപ്പോർട്ട് തള്ളി കേന്ദ്രം. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ കാനഡ നിരന്തരം ഇടപെടുന്നതിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. രാജ്യത്ത് നിയമവിരുദ്ധമായുള്ള കുടിയേത്തിനും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകരമായ അന്തരീക്ഷം കാനഡ സൃഷ്ടിക്കുന്നുവെന്നും കേന്ദ്രം ആരോപിച്ചു.

'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ നിരന്തരമായി ഇടപെടുന്നുവെന്നത് ഒരു വസ്തുതയാണ്. നിയമവിരുദ്ധമായുള്ള കുടിയേറ്റത്തിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകരമായ അന്തരീക്ഷം കാനഡ സൃഷ്ടിക്കുന്നു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ അടങ്ങിയിട്ടുള്ള റിപ്പോർട്ട് തള്ളിക്കളയുന്നു. ഒപ്പം നിയമവിരുദ്ധമായുള്ള കുടിയേറ്റങ്ങള്‍ക്കുള്ള പിന്തുണ കാനഡ തുടരുകയില്ലെന്നും പ്രതീക്ഷിക്കുന്നു,' വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മേരി ജോസി ഹോഗിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇന്ത്യക്കെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. 2021ലെ തെഞ്ഞെടുപ്പില്‍ താല്‍പര്യമുള്ള സ്ഥാനാർത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഇന്ത്യ ഏജന്റുകളെ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. കാനഡയുടെ തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്ന രണ്ടാമെത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ടില്‍ പറയുന്നു. തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ കാനഡയിലെ ഇടപെടലുകളെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഖലിസ്ഥാനി വിഘടനവാദികളെക്കുറിച്ചുള്ള ഇന്ത്യയുടെ സുരക്ഷ ആശങ്കകള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചതായും റിപ്പോർട്ട് പരാമർശിക്കുന്നു.

എന്നാൽ, കാനഡയിലെ പാർലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിന് വിദേശരാജ്യങ്ങളുമായി ചർച്ചകള്‍ നടത്തിയെന്നതിന് തെളിവുകള്‍ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023ല്‍ ആരോപിച്ചതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്.

Related Tags :
Similar Posts