
'ഒരു ജിന്നയെ കൂടെ ജനിക്കാൻ അനുവദിക്കില്ല': വന്ദേമാതരം എതിർക്കുന്നവർക്കെതിരെ യോഗി ആദിത്യനാഥ്
|സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
ലക്നൗ: വന്ദേമാതരം ആലപിക്കുന്നത് എതിർക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം ശ്രമങ്ങൾ 'ഒരു പുതിയ ജിന്നക്കായുള്ള ഗൂഢാലോചനയുടെ' ഭാഗമാണെന്ന് യോഗി ആദിത്യനാഥ് തിങ്കളാഴ്ച ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാൻ പോകുന്നു. അതുവഴി ഓരോ പൗരനിലും മാതൃഭൂമിയായ 'ഭാരതമാതാവിനോട്' ആദരവ് വളരും.' യോഗി പറഞ്ഞു. 'ഇത് പുതിയ ജിന്നകളെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. രണ്ടാമതൊരു ജിന്നയെ പിറവിയെടുക്കാൻ രാജ്യം അനുവദിക്കില്ല. ജിന്നയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചാൽ അത്തരം ശ്രമങ്ങൾ കുഴിച്ചുമൂടണം.' വന്ദേമാതരം ഗാനം ആലപിക്കുന്നതിനെ എതിർത്ത സമാജ്‌വാദി പാർട്ടി എംപി സിയാ-ഉർ-റഹ്മാൻ ബാർക്കിനെ ഉദ്ധരിച്ച് യോഗി പറഞ്ഞു.
1923ൽ വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്ത മുഹമ്മദ് അലി ജൗഹറിനെ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കം ചെയ്തില്ലെന്നും ആദിത്യനാഥ് ആരോപിച്ചു. 'വന്ദേമാതരത്തോടുള്ള എതിർപ്പ് ന്യായീകരിക്കാനാവാത്തതാണ്. 1923ൽ മുഹമ്മദ് അലി ജൗഹർ കോൺഗ്രസ് പ്രസിഡന്റായപ്പോൾ വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം യോഗം വിട്ടു. വന്ദേമാതരത്തോടുള്ള ഈ എതിർപ്പാണ് പിന്നീട് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിച്ചത്.' യോഗി അവകാശപ്പെട്ടു.