
ശരീരത്തിൽ മുറിവുകളില്ലാത്തതുകൊണ്ട് ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നഷ്ടപരിഹാരം നിഷേധിക്കരുത്: അലഹബാദ് ഹൈക്കോടതി
|10 ദിവസത്തിനുള്ളിൽ പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ നൽകാൻ ഉത്തർപ്രദേശ് സർക്കാരിന് കോടതി നിർദേശം നൽകി
ലഖ്‌നൗ: പോക്‌സോ കേസിലെ അതിജീവിതക്ക് നഷ്ടപരിഹാരം നിഷേധിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ കമ്മിറ്റികളുടെ തീരുമാനം റദ്ദാക്കി അലഹബാദ് ഹൈക്കോടതി. അതിജീവിതയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല എന്ന കാരണംകൊണ്ട് അതിജീവിതക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് പറഞ്ഞ കോടതി 10 ദിവസത്തിനുള്ളിൽ പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നൽകേണ്ടത് ആ ആക്രമണത്തിൽ പരിക്കേറ്റതുകൊണ്ടല്ല, മറിച്ച് അത്തരമൊരു അതിക്രമം നേരിട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ശരീരത്തിൽ പരിക്കുണ്ടോ ഇല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല. 'ഉത്തർപ്രദേശ് റാണി ലക്ഷ്മി ബായി മഹിളാ സമ്മാൻ കോഷ് റൂൾസ്, 2015' പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് എഫ്ഐആർ, ഇഞ്ചുറി റിപ്പോർട്ട്, കുറ്റപത്രം എന്നീ മൂന്ന് രേഖകൾ ഉണ്ടായാൽ മാത്രം മതി. കുറ്റപത്രത്തിൽ സെക്ഷൻ നാല് പ്രകാരമുള്ള കുറ്റം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സമിതിക്ക് സ്വന്തം നിലയിൽ അന്വേഷണം നടത്തി അത് നിഷേധിക്കാനാവില്ല. ഒരു വിചാരണ കോടതിയുടെ ചുമതല ഏറ്റെടുത്ത്, ഇഞ്ചുറി റിപ്പോർട്ടിൽ പരിക്കില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറയാൻ സ്റ്റിയറിങ് കമ്മിറ്റിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.
2025 മാർച്ച് ഏഴിനാണ് പെൺകുട്ടി പീഡനത്തിനിരയായത്. ജൂൺ 25-ന് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗിക അതിക്രമത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഗോണ്ടയിലെ ജില്ലാ സ്റ്റിയറിങ് കമ്മിറ്റി നഷ്ടപരിഹാര അപേക്ഷ തള്ളുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയാൽ അപേക്ഷ വീണ്ടും പരിഗണിക്കാമെന്നായിരുന്നു സമിതിയുടെ നിലപാട്. ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഉടൻ തന്നെ തുക നൽകാൻ ഉത്തരവിടുകയായിരുന്നു.