
'പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കാനാവില്ല, രാവിലെ 8 മണി വരെ ഉറങ്ങാറുണ്ടായിരുന്നു'; യുപി പൊലീസുകാരന്‍റെ വിചിത്രമായ രാജിക്കത്ത്
|പരിശീലനത്തിന്‍റെ അഞ്ചാം ദിവസം, കോൺസ്റ്റബിൾ തന്‍റെ പിതാവിനൊപ്പം ഡിയോറിയയിലെ എസ്‍പി ഓഫീസിലേക്ക് തന്‍റെ രേഖകൾ സമർപ്പിക്കാൻ എത്തിയിരുന്നു
ലഖ്നൌ: വ്യത്യസ്തമായ രാജിക്കത്തുകൾ എപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. പുതിയ ജോലി കിട്ടുക, അല്ലെങ്കിൽ പഴയ ജോലി മടുക്കുക...ജോലി വിടാൻ അങ്ങനെ പലര്‍ക്കും പല കാരണങ്ങളായിരിക്കും. ഈയിടെ രാജിവച്ച യുപിയിലെ ഒരു പൊലീസുകാരന്‍റെ രാജി വയ്ക്കാനുള്ള കാരണം കേട്ട് മേലധികാരികൾ വരെ അന്തംവിട്ടു. തനിക്ക് രാവിലെ എട്ട് മണി വരെ ഉറങ്ങുന്ന ശീലമുണ്ടെന്നും പരിശീലനത്തിനായി പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേൽക്കാനാവില്ലെന്നായിരുന്നു പൊലീസുകാരൻ പറഞ്ഞ കാരണം.
പരിശീലനത്തിന്‍റെ അഞ്ചാം ദിവസം, കോൺസ്റ്റബിൾ തന്‍റെ പിതാവിനൊപ്പം ഡിയോറിയയിലെ എസ്‍പി ഓഫീസിലേക്ക് തന്‍റെ രേഖകൾ സമർപ്പിക്കാൻ എത്തിയിരുന്നു. ഓഫീസിൽ വെച്ച് അദ്ദേഹം എസ്‍പി വിക്രാന്ത് വീറുമായി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ രാവിലെ നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് എസ്‍പിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മഹേന്ദ്ര കുമാറിനോട് തുറന്നു പറഞ്ഞു. രാവിലെ 8 മണി വരെ ഉറങ്ങുന്ന ശീലം തനിക്കുണ്ടെന്നും ദിവസം മുഴുവനുമുള്ള കഠിനമായ പരിശീലനം താങ്ങാനാവില്ലെന്നും യുവാവ് വിശദീകരിച്ചു.
ബി.എഡ് ബിരുദമുള്ള മകന് അധ്യാപകനാകണമെന്നാണ് ആഗ്രഹമെന്നും ദിവസം മുഴുവൻ പഠിക്കുന്ന ശീലമുണ്ടെന്നും അച്ഛൻ പറഞ്ഞു. പൊലീസ് പരിശീലനം ഇത്ര കഠിനമുള്ളതാകുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു പിതാവിന്‍റെ വിശദീകരണം. എന്നിരുന്നാലും, ഡോ. മഹേന്ദ്രയുടെ ഒരു കൗൺസിലിംഗിന് ശേഷം യുവാവ് തീരുമാനം മാറ്റി. പരിശീലന സമയത്ത് ഇത്തരം പ്രശ്നങ്ങൾ സ്വഭാവികമാണെന്നും കാര്യങ്ങൾ ക്രമേണ കൈകാര്യം ചെയ്യാൻ കഴിയുമെന്നും പിആർഒ ആശ്വസിപ്പിച്ചു. ഒരു നീണ്ട ചർച്ചയ്ക്ക് ശേഷം, കോൺസ്റ്റബിൾ രാജിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും എസ്പിയെ കാണാതെ ഓഫീസ് വിടുകയും ചെയ്തു.
ഈ മാസം ആദ്യം ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ നിയമന പ്രക്രിയ പൂർത്തിയായിരുന്നു. സംസ്ഥാനത്തുടനീളം പരിശീലനം ആരംഭിക്കുകയും ചെയ്തു. ജൂൺ 15 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തിൽ ലഖ്‌നൗവിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺസ്റ്റബിൾമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിയമന കത്തുകൾ വിതരണം ചെയ്തത്.