< Back
India
ന്യൂഇയര്‍ ആഘോഷത്തിനിടെ അമിതവേഗതയിലോടിച്ച കാർ അപകടത്തിൽ പെട്ടു; നോയിഡയില്‍ 22കാരന് ദാരുണാന്ത്യം
India

ന്യൂഇയര്‍ ആഘോഷത്തിനിടെ അമിതവേഗതയിലോടിച്ച കാർ അപകടത്തിൽ പെട്ടു; നോയിഡയില്‍ 22കാരന് ദാരുണാന്ത്യം

അൻഫസ് കൊണ്ടോട്ടി
|
2 Jan 2026 12:09 PM IST

കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു

നോയിഡ; പുതുവത്സരാഘോഷത്തിനിടെ അമിതവേഗതയില്‍ വാഹനമോടിച്ച് അപകടത്തില്‍പെട്ട് 22കാരന് ദാരുണാന്ത്യം. നോയിഡയില്‍ സുഹൃത്തിനോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് നോയിഡ സെക്ടര്‍ 34ന് സമീപം ഇടിച്ചുനിര്‍ത്തുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഹിത് തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഞ്ചു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും ഹരിയാനയിലെ ഝാജ്ജാര്‍ സ്വദേശികളാണ്.

വ്യാഴാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം. നോയിഡ 34 സെക്ടറില്‍ വലിയ ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ടെന്നും എത്രയും വേഗം സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും കാറില്‍ നിന്ന് പുറത്തിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഹിതിനെ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡറിലിടിക്കുകയും പിന്നീട് മരത്തിലിടിച്ചുമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി. കേസ് ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts