< Back
India
വീട്ടിൽ കൊണ്ടുപോയി തീറ്റ കൊടുക്കൂ ; തെരുവ് നായകൾക്ക് ഭക്ഷണം നൽകിയ ആളെ തടഞ്ഞ് കാർ യാത്രിക
India

'വീട്ടിൽ കൊണ്ടുപോയി തീറ്റ കൊടുക്കൂ' ; തെരുവ് നായകൾക്ക് ഭക്ഷണം നൽകിയ ആളെ തടഞ്ഞ് കാർ യാത്രിക

ശരത് ഓങ്ങല്ലൂർ
|
1 Feb 2026 9:42 PM IST

വീട്ടിൽ കൊണ്ടുപോവാൻ സാധിക്കില്ല, റോഡ് നിങ്ങളുടെയാണോ എന്നായിരുന്നു തീറ്റ കൊടുത്ത ആളുടെ മറുപടി

ജയ്പൂർ: തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി കാർ യാത്രികയും യുവാവും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പൊതുസ്ഥലത്ത് നായകൾക്ക് ഭക്ഷണം നൽകുന്നത് പ്രദേശവാസികൾക്കും കുട്ടികൾക്കും ഭീഷണിയാണെന്ന് പറഞ്ഞാണ് യുവതി തെരുവ് പട്ടികൾക്ക് തീറ്റ കൊടുക്കുന്ന യുവാവിനെ തടയാൻ ശ്രമിച്ചത്. അതാണ് രൂക്ഷമായ തർക്കത്തിൽ കലാശിച്ചത്.

കാറിൽ പോകുന്നതിനിടെയാണ് റോഡരികിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്ന യുവാവിനെ സ്ത്രീ കണ്ടത്. കാർ നിർത്തി ഇറങ്ങി ഇയാളുടെ പ്രവൃത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, വിട്ടു കൊടുക്കാൻ യുവാവും തയ്യാറായില്ല. അപ്പോഴാണ് 'നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ഇവയെ വീട്ടിൽ കൊണ്ടുപോയി വളർത്തൂ' എന്ന് കാറിൽ വന്ന സ്ത്രീ പറയുന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തെരുവ് നായകൾ കുട്ടികളെ കടിക്കുന്നുണ്ടെന്നും ഇവയ്ക്ക് വാക്‌സിനേഷൻ നൽകിയിട്ടില്ലെന്നും അത്രതാൽപര്യമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടു പോയി തീറ്റ കൊടുക്കൂ എന്നും പറയുന്നുണ്ട്. എന്നാൽ, താൻ നിരവധി തെരുവ് നായകൾക്ക് ഭക്ഷണം നൽകാറുണ്ട്. അവയെ എല്ലാം വീട്ടിലേക്ക് കൊണ്ടുപോവാൻ കഴിയില്ല. റോഡ് നിങ്ങളുടെയാണോ എന്നുമായിരുന്നു യുവാവിന്റെ മറുപടി. വിഡിയോ വൈറലായതോടെ പലരീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്ക് എതിരെ സുപ്രിം കോടതിയുടെ പുതിയ നിരീക്ഷണങ്ങൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Similar Posts