< Back
India
Case against Arvind Kejriwal over misuse of public funds, cops inform court
India

പൊതുഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന പരാതി; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്

Web Desk
|
28 March 2025 2:57 PM IST

മുൻ മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ച് ഡൽഹി പൊലീസ് റോസ് അവന്യൂ കോടതിയിൽ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചു.

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ പുതിയ കേസ്. പൊതുഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ ‍ഡൽഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് അനധികൃതമായി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചെന്ന പരാതിയിലാണ് നടപടി.

പൊതുസ്വത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് കെജ്‌രിവാളിനും മറ്റു രണ്ട് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ച് ഡൽഹി പൊലീസ് റൗസ് അവന്യൂ കോടതിയിൽ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചു.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേഹ മിത്തലിന് മുന്നിൽ സമർപ്പിച്ച കംപ്ലയിൻസ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. കേസിലെ അടുത്ത വാദംകേൾക്കൽ ഏപ്രിൽ 18ലേക്ക് മാറ്റി.

ദേശീയ തലസ്ഥാനത്ത് വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് മാർച്ച് 11ന് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

വലിയ ബാനറുകളുടെ പേരിൽ കെജ്‌രിവാളിന് പുറമെ, മുൻ എഎപി എംഎൽഎ ഗുലാബ് സിങ്ങിനും അന്നത്തെ ദ്വാരക കൗൺസിലറായ നിതിക ശർമയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു കോടതി ഉത്തരവ്.

2019ൽ ഡൽഹിയിലെ ദ്വാരകയിൽ പൊതുപണം ഉപയോഗിച്ച് വലിയ ഹോർഡിങ്ങുകൾ സ്ഥാപിച്ചെന്നായിരുന്നു ആരോപണം. 'കെജ്‌രിവാൾ, അന്നത്തെ മട്ടിയാല എംഎൽഎ ഗുലാബ് സിങ്, ദ്വാരക എ വാർഡ് കൗൺസിലർ നിതിക ശർമ എന്നിവർ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വൻ ഹോർഡിങ്ങുകൾ സ്ഥാപിച്ച് പൊതുപണം മനഃപൂർവം ദുരുപയോഗം ചെയ്തു' എന്നാണ് പരാതിയിലെ ആരോപണം.

Similar Posts