< Back
India
വയനാട് ഓഫീസ് ആക്രമണത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഉദയ്പൂര്‍ കൊലയുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത: കേസെടുത്തതോടെ മാപ്പുപറഞ്ഞ് സീ ന്യൂസ്
India

വയനാട് ഓഫീസ് ആക്രമണത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഉദയ്പൂര്‍ കൊലയുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത: കേസെടുത്തതോടെ മാപ്പുപറഞ്ഞ് സീ ന്യൂസ്

Web Desk
|
3 July 2022 11:59 AM IST

അവർ കുട്ടികളാണ്, അവരോട് ക്ഷമിക്കുന്നുവെന്ന രാഹുലിന്‍റെ പരാമര്‍ശം ഉദയ്പൂര്‍ കൊലയെ കുറിച്ചുള്ളതാണെന്ന വ്യാജേനയാണ് ചാനല്‍ കാണിച്ചത്.

ജയ്പൂര്‍: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വയനാട്ടിലെ ഓഫീസ് ആക്രമണത്തെ കുറിച്ച് നടത്തിയ പരാമർശം ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന പ്രചരിപ്പിച്ചതിന് കേസ്. ബി.ജെ.പി ദേശീയ വക്താവും എംപിയുമായ രാജ്യവർധൻ റാത്തോഡിനും സീ ന്യൂസ് വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജനുമെതിരെയാണ് കേസ്. ജയ്പൂരിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രാദേശിക കോൺഗ്രസ് നേതാവ് രാം സിങ് ബാൻപാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 504 (മനഃപൂർവം അപമാനിക്കൽ), 505 (ഭീഷണിപ്പെടുത്തൽ), 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് പ്രകോപനം സൃഷ്ടിക്കല്‍), 120ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വയനാട്ടിലെ തന്‍റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് 'കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല' എന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍റെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന ടെലിവിഷന്‍ പരിപാടിക്കിടെ കാണിച്ചു എന്നാണ് പരാതി. രാജ്യവർധൻ റാത്തോഡ്, വിരമിച്ച മേജർ സുരേന്ദ്ര പൂനിയ തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയാണ് സീ ന്യൂസ് ഇത് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പരാതിക്ക് പിന്നാലെ സീ ന്യൂസ് ക്ഷമാപണം നടത്തി- "ഇന്നലെ ഞങ്ങളുടെ ഡിഎൻഎ ഷോയിൽ, രാഹുൽ ഗാന്ധിയുടെ പരാമര്‍ശം ഉദയ്പൂര്‍ സംഭവവുമായി ബന്ധിപ്പെടുത്തി തെറ്റായ സന്ദർഭത്തിലാണ് കാണിച്ചത്. അത് മാനുഷികമായ പിഴവാണ്. ഞങ്ങളുടെ ടീം മാപ്പ് പറയുന്നു"

തെറ്റായ വാർത്ത നൽകിയ ചാനലിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമർശിച്ചു- ഇത് ചെയ്ത കുട്ടികൾ (വയനാട്ടിലെ തന്റെ ഓഫീസ് തകർത്ത) നിരുത്തരവാദപരമായാണ് പെരുമാറിയത്. അവർ കുട്ടികളാണ്, അവരോട് ക്ഷമിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാല്‍ ഈ പരാര്‍ശം ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവര്‍ കുട്ടികളാണ് അവരോട് ക്ഷമിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന തരത്തിലാണ് ചാനല്‍ പ്രദര്‍ശിപ്പിച്ചതെന്ന് അശോക് ഗെലോട്ട് വിശദീകരിച്ചു. ബി.ജെ.പി അനുകൂലികള്‍ ചാനല്‍ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ പരാതി നല്‍കിയത്.

Similar Posts