< Back
India
Case filed against Hindu leaders including Harshita Thakur for provocative gesture against dargah
India

കർണാടകയിൽ ദർ​ഗയ്ക്ക് നേരെ പ്രതീകാത്മക അമ്പെയ്ത് ഹിന്ദുത്വ നേതാവ്; കേസ്

ഷിയാസ് ബിന്‍ ഫരീദ്
|
21 Jan 2026 1:26 PM IST

അഖണ്ഡ ഹിന്ദു സമ്മേളനത്തിന് മുമ്പ് ​ഗ്രാമത്തിലൂടെ നടന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം.

ബം​ഗളൂരു: കർണാടകയിൽ ദർ​ഗയ്ക്ക് നേരെ പ്രതീകാത്മകമായി അമ്പെയ്ത് വനിതാ ഹിന്ദുത്വ നേതാവ്. ബെലഗാവിയിലെ മച്ചെ ഗ്രാമത്തിൽ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രയിൽ ഞായറാഴ്ചയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് ഹർഷിത താക്കൂർ ആണ് സെയ്ദ് അൻസാരി ദർ​ഗയ്ക്ക് നേരെ വിദ്വേഷ ആം​ഗ്യം കാണിച്ചത്.

സമ്മേളനത്തിന് മുമ്പ് ​ഗ്രാമത്തിലൂടെ നടന്ന ഘോഷയാത്രയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഹർഷിത പീരനവാഡിയിലെത്തിയപ്പോൾ ദർ​ഗയ്ക്ക് നേരെ അമ്പെയ്യുന്ന ആം​ഗ്യം കാണിക്കുകയായിരുന്നു. ഇത് കണ്ട അണികൾ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പ്രസം​ഗത്തിൽ ഹർഷിത താക്കൂർ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു.

സംഭവത്തിൽ, ഹർഷിതയ്ക്കും പരിപാടിയുടെ സംഘാടകർ അടക്കം മറ്റ് ആറു പേർക്കുമെതിരെ അബ്ദുൽ ഖാദർ മുജാവർ എന്നയാൾ പൊലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുകയും സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഹർഷിതയുൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

സുപ്രീത് സിംപി, ശ്രീകാന്ത്, കാമ്പിൾ, ബേടപ്പ തരിഹൽ, ശിവാജി ഷാഹപുർകർ, ​ഗം​ഗാറാം തരിഹൽ, കല്ലപ്പ എന്നിവരാണ് കേസിൽ പ്രതികളായ മറ്റുള്ളവർ. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

2024ൽ ഹൈദരാബാദിൽ ബിജെപി വനിതാ നേതാവ് മാധവി ലത മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെയായിരുന്നു ഇത്. സംഭവത്തിൽ, ബിജെപി സ്ഥാനാർഥി കൂടിയായിരുന്ന മാധവി ലതയ്ക്കെതിരെ ബീഗം ബസാർ പൊലീസ് കേസെടുത്തിരുന്നു.

രാമനവമി ഘോഷയാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലുള്ള മസ്ജിദിനു സമീപത്തെത്തിയപ്പോൾ അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് പള്ളി പൂർണമായും മറച്ചിരുന്നു. അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു പള്ളി ഭാരവാഹികളുടെ നടപടി. ഇതിനിടെയായിരുന്നു മാധവിയുടെ വിദ്വേഷ ആം​ഗ്യം. ഹൈദരാബാദിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിച്ച മാധവി ലത പരാജയപ്പെട്ടിരുന്നു.

Similar Posts