
മോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് ഹാസ്യഗാനം; നേഹ സിങ് റാത്തോഡിനെതിരെ കേസ്
|നേഹ റാത്തോഡ് തന്റെ വീഡിയോയിൽ പ്രധാനമന്ത്രിയെ 'ഭീരു' എന്നും 'ജനറൽ ഡയർ' എന്നും വിശേഷിപ്പിച്ചതായി പരാതിയിൽ പറയുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പങ്കിന് പേരുകേട്ട ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായ റെജിനാൾഡ് ഡയറിനെയാണ് 'ജനറൽ ഡയർ' എന്ന് വിളിക്കുന്നത്
വാരണാസി: അടുത്തിടെ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യ ഗാന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രശസ്ത നാടോടി ഗായികയും രാഷ്ട്രീയ ആക്ഷേപഹാസ്യ എഴുത്തുകാരിയുമായ നേഹ സിങ് റാത്തോഡിനെതിരെ വാരണാസി പൊലീസ് കേസെടുത്തു.
സാധന ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഡോ. സൗരഭ് മൗര്യ നൽകിയ പരാതിയെ തുടർന്നാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേഹ റാത്തോഡ് തന്റെ വീഡിയോയിൽ പ്രധാനമന്ത്രിയെ 'ഭീരു' എന്നും 'ജനറൽ ഡയർ' എന്നും വിശേഷിപ്പിച്ചതായി പരാതിയിൽ പറയുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പങ്കിന് പേരുകേട്ട ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായ റെജിനാൾഡ് ഡയറിനെയാണ് 'ജനറൽ ഡയർ' എന്ന് വിളിക്കുന്നത്.
പാകിസ്താൻ ചാനലുകളിൽ വീഡിയോ പ്രദർശിപ്പിച്ചതായും, വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതായും സൗരഭ് പരാതിയിൽ ആരോപിച്ചു. ദേശീയ ഐക്യത്തിനും പൊതു ക്രമത്തിനും ഭീഷണിയാകുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ്‍ സംഹിത (ബിഎന്‍എസ്) യിലെ സെക്ഷന്‍ 197(1)(എ), 197(1)(ഡി), 353(2) വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേർത്തിട്ടുണ്ട്.
870,000-ത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും 150,000 ട്വിറ്റർ ഫോളോവേഴ്‌സും 69,000 ഇസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള നേഹ സിങ് റാത്തോഡ് സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. ഭോജ്പുരിയിൽ പാടുന്ന അവർ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ നിരവധി ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.