< Back
India
കുടിവെള്ളത്തെ ചൊല്ലി തർക്കം; റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ ഏറ്റുമുട്ടി
India

കുടിവെള്ളത്തെ ചൊല്ലി തർക്കം; റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ ഏറ്റുമുട്ടി

Web Desk
|
18 Oct 2025 9:59 AM IST

ജീവനക്കാർ തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

ന്യൂഡൽഹി: റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ട്രെയിനിൽ കുടിവെള്ള ബോക്സ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഡൽഹിയിലെ ഹസ്റത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഇന്നലെ രാവിലെയായിരുന്നു സംഭവം. പുലർച്ചെ പുറപ്പെടാനുള്ള ഖജുരാഹോ വന്ദേഭാരതിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ചവറ്റുകൂനകളും കയ്യിൽ കിട്ടിയ വടികളും, ചെരിപ്പും, ബെൽട്ടുകളും ഊരിയെടുത്തായിരുന്നു ചേരി തിരിഞ്ഞ് ജീവനക്കാർ ഏറ്റുമുട്ടിയത്. തമ്മിൽ തല്ലിനിടെ യാത്രക്കാർ അടി വാങ്ങാതിരിക്കാൻ ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏഴാം പ്ലാറ്റ്ഫോമിലായിരുന്നു സംഘർഷമുണ്ടായത്. പാൻട്രി അസിസ്റ്റന്റുമാർ തമ്മിൽ വെള്ളം ട്രെയിനിലേക്ക് എടുത്ത് വയ്ക്കുന്നതിനിടിലുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ റെയിൽവേ സ്റ്റേഷൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രശ്നം ശ്രദ്ധയിൽ വന്നതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിശദമാക്കി. അടി തുടങ്ങി വച്ച നാല് ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഐഡി കാർഡുകൾ മരവിപ്പിച്ചതായി റെയിൽവേ പൊലീസ് വിശദമാക്കി.

ഏറ്റുമുട്ടിയ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും ഇവർക്ക് നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അറിയിച്ചു.

Similar Posts