
ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു; സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം
|സോനം വാങ്ചുക്കിന്റെ പ്രസംഗമാണ് ലഡാക്കിലെ സംഘർഷങ്ങൾക്ക് കാരണമെന്ന് കേന്ദ്രം ആരോപിച്ചിരുന്നു
ന്യൂഡൽഹി: ലഡാക്കിലെ പൗരാവകാശ പ്രവർത്തകൻ സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം. സോനത്തിന്റെ സംഘടനയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നാണ് ആരോപണം. രണ്ടുമാസം മുമ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ലഡാക്കിലെ സംഘർഷങ്ങൾക്ക് കാരണം പരിസ്ഥിതി പ്രവർത്തകൻ വാങ്ചുകിൻറെ പ്രസംഗമെന്ന് കേന്ദ്രം. സംഘർഷത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരേ പൊലീസ് കേസെടുത്തു. നിരോധനാജ്ഞയെ തുടർന്ന് ലഡാക്കിലെ സംഘർഷങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. ബിജെപി പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് ലഡാക്കിൽ കാണുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ലഡാക്ക് കനത്ത ജാഗ്രതയിലാണ്. പ്രക്ഷോഭത്തിന് കാരണം സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് എന്നാണ് കേന്ദ്ര സർക്കാർ വാദം. സംഘർഷങ്ങളിൽ ഗൂഡാലോചനയും കേന്ദ്രം സംശയിക്കുന്നു. പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസും രാഹുൽഗാന്ധിയും എന്നാണ് ബിജെപി ആരോപണം. എന്നാൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ബിജെപി ശ്രമം എന്ന് കോൺഗ്രസ്സ് പ്രതികരിച്ചു
അവകാശങ്ങൾക്കായുള്ള ലഡാക്കിലെ ജനങ്ങളുടെ ആവശ്യത്തെ ബിജെപി നേതൃത്വം നിരന്തരം അവഗണിച്ചു എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പ്രക്ഷോഭത്തിൽ നാലുപേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.