< Back
India
ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാന്‍ ആവില്ല; ഓപ്പറേഷന്‍ സിന്ദൂരില്‍ നഷ്ടങ്ങള്‍ ഉണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി
India

ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാന്‍ ആവില്ല; ഓപ്പറേഷന്‍ സിന്ദൂരില്‍ നഷ്ടങ്ങള്‍ ഉണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി

Web Desk
|
3 Jun 2025 5:21 PM IST

പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ നഷ്ടങ്ങള്‍ ഉണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്രവേഗം മറികടക്കുന്നു എന്നതാണ് പ്രധാനം. ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാന്‍ ആവില്ലെന്ന സന്ദേശമാണ് നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആണവ ഭീഷണിക്ക് മുന്‍പില്‍ ഇന്ത്യ വഴങ്ങിയില്ലെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ പൂനൈ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഫ്യൂച്ചര്‍ വാര്‍ ആന്‍ഡ് വാര്‍ ഫെയര്‍ എന്ന പരിപാടിയിലാണ് അനില്‍ ചൗഹാന്‍ ഈ പരാമര്‍ശം നടത്തിയത്. കാര്യശേഷിയുള്ള സേനകള്‍ തിരിച്ചടികള്‍ മറികടക്കാന്‍ ശേഷിയുള്ളവരാണ്. ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത് എന്നാല്‍ അത്തരമൊരു നീക്കത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ലെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ അവസാനിച്ചില്ലെന്നും പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഇനിയും തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യയുടെ നിരവധി യുദ്ധവിമാനങ്ങളടക്കം നഷ്ടപ്പെട്ടുവെന്ന ആരോപണങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സൈനിക മേധാവി തന്നെ അതില്‍ വിശദീകരണം നല്‍കി. അത്തരം തിരിച്ചടികള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ അതിനെ ഏത് രീതിയില്‍ നേരിടുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts