< Back
India
നരവനെ പുസ്തക വിവാദം; വിരമിക്കുന്ന ഉദ്യോഗസ്ഥർ 20 വർഷത്തേക്ക് പുസ്തകം എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം
India

നരവനെ പുസ്തക വിവാദം; വിരമിക്കുന്ന ഉദ്യോഗസ്ഥർ 20 വർഷത്തേക്ക് പുസ്തകം എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം

ആത്തിക്ക് ഹനീഫ്
|
15 Feb 2026 8:14 AM IST

20 വർഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡൽഹി: അധികാര സ്ഥാനങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ വിരമിച്ചതിന് ശേഷം 20 വർഷത്തേക്ക് പുസ്തകങ്ങൾ എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വിരമിച്ചതിന് ശേഷം 20 വർഷത്തെ കൂളിംഗ്-ഓഫ് പിരീഡ് ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മുൻ കരസേനാ മേധാവി (റിട്ടയേർഡ്) മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2020 ആഗസ്റ്റിൽ കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ രണ്ടാഴ്ചയായി പാർലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.

ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയോട് അടുത്തതായുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിർദേശമാണ് ലഭിച്ചതെന്നുമാണ് പുസ്‌തകത്തിൽ പറയുന്നത്. 2019-2022 കാലയളവിൽ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറൽ നരവനെ.

വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചർച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളുകൾക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു. 20 വർഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ എപ്‌സ്റ്റീൻ ഫയൽസിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് യോഗത്തിൽ ഉയർന്നുവന്ന മറ്റൊരു വിഷയം. പ്രതിപക്ഷത്തിന്റെ തുടർച്ചയായ ആരോപണങ്ങൾ തുടരുമ്പോഴും ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുക എന്നതാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം, എപ്‌സ്റ്റീൻ ഫയൽസിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള ഹർദീപ് സിങ് പുരി എപ്‌സ്റ്റീൻ ആരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഒരിക്കൽ പോലും കുപ്രസിദ്ധമായ എപ്‌സ്റ്റീൻ ഐലൻഡിൽ പോയിട്ടില്ലെന്നും യോഗത്തിൽ പറഞ്ഞു.

Similar Posts