< Back
India
ഓപറേഷൻ സിന്ദൂർ, മൂന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ
India

ഓപറേഷൻ സിന്ദൂർ, മൂന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ

Web Desk
|
27 July 2025 5:02 PM IST

പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ എട്ട് മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി എൻസിഇആർടി ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ഒരു പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

മൂന്നാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ ഓപറേഷൻ സിന്ദൂറും ഉൾപ്പെടുത്തും. മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുമായി രണ്ട് മൊഡ്യൂൾ ആണ് തയ്യാറാക്കുക. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ എട്ട് മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങൾ അതിർത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് എൻസിഇആർടിയുടെ തീരുമാനം.

അതേസമയം ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പാർലമെന്റ് ചർച്ച ചെയ്യും. ജൂലൈ 29 ചൊവ്വാഴ്ചയാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയായിരുന്നു.

Similar Posts