< Back
India
ഇനി ഛത്രപതി സംഭാജിനഗർ; മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി സെൻട്രൽ റെയിൽവേ

Photo|Special Arrangement

India

ഇനി 'ഛത്രപതി സംഭാജിനഗർ'; മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി സെൻട്രൽ റെയിൽവേ

Web Desk
|
26 Oct 2025 3:43 PM IST

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔറംഗാബാദ് നഗരത്തിന്റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്ത് മൂന്നുവർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റം

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റി സെൻട്രൽ റെയിൽവേ. ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്. ഇതുസംബന്ധിച്ച് സെൻട്രൽ റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജി നഗർ എന്നുമാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔറംഗാബാദ് നഗരത്തിന്റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്ത് മൂന്നുവർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്.

മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ പേരിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിന് പേരുനൽകിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷമുൾപ്പെടെ പേരുമാറ്റുന്നതിനെ എതിർത്ത് രംഗത്തുവന്നിരുന്നെങ്കിലും അതിനെ മറികടന്നാണ് ഇപ്പോഴുള്ള പേരുമാറ്റം.

1900ലാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഉസ്മാൻ അലി ഖാനാണ് സ്റ്റേഷൻ നിർമിച്ചത്. കച്ചേഗുഡ-മൻമാഡ് സെക്ഷനിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സൗത്ത് സെൻട്രൽ റെയിൽവേ സോണിലെ നാന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ വരുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട ഛത്രപതി സംഭാജിനഗർ വിനോദസഞ്ചാര കേന്ദ്രമാണ്.

Similar Posts