< Back
India
ഓരോ വ്യക്തിയും സ്വയം കോവിഡ് പോരാളിയാകണം: കേന്ദ്ര ടൂറിസം മന്ത്രി
India

ഓരോ വ്യക്തിയും സ്വയം കോവിഡ് പോരാളിയാകണം: കേന്ദ്ര ടൂറിസം മന്ത്രി

Web Desk
|
12 July 2021 9:52 PM IST

കോവിഡ് മൂന്നാം തരംഗത്തിൽ സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചാരികൾ കൂട്ടം കൂടിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി. ടൂറിസ്റ്റുകളോട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ അദ്ദേഹം നിർദേശിച്ചു. ഓരോ വ്യക്തിയും സ്വയം കോവിഡിനോട് പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന് ടൂറിസ്റ്റുകളെ തടയാൻ ആഗ്രഹമില്ലെന്നും പക്ഷേ എല്ലാ സഞ്ചാരികളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ തോൽപ്പിക്കാൻ ജനങ്ങളും സർക്കാരും ചേർന്നുള്ള പ്രവർത്തനമാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോവിഡ് മൂന്നാം തരംഗത്തിൽ സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. മൂന്നാം തരംഗം ആസന്നമാണെന്നും ഈ നിർണായക വേളയിൽ രാജ്യത്തെ പല ഭാഗങ്ങളിലും അധികാരികൾ പുലർത്തുന്ന അലംഭാവം വേദനാജനകമാണെന്നും ഐ.എം.എ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ആധുനിക ആരോഗ്യ സംവിധാനങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സഹായത്തോടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറി വരുന്നതേയുള്ളൂവെന്നും ഐ.എം.എ ഓർമിപ്പിച്ചു.

'മറ്റേതു മഹാമാരിയുടെ ചരിത്രമെടുത്താലും ആഗോള പ്രവണതകൾ നോക്കിയാലും മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതും ആസന്നവുമാണ്. രണ്ടാം തരംഗത്തിൽ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയതോതിൽ കൂട്ടംചേരുന്നത് വേദനാജനകമാണ്'

വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളിൽ വാക്സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പർ സ്പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.കോവിഡ് രോഗിയെ ചികിത്സിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയേക്കാൾ കൂടുതലാണെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts