< Back
India
ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഏകീകരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
India

ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഏകീകരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Web Desk
|
22 March 2022 5:26 PM IST

ബിൽ പാസാവുന്നതോടെ ഏകീകൃത ഡൽഹി കോർപറേഷൻ രൂപപ്പെടും. ഇതോടെ ഡൽഹി കോർപറേഷനുകളിൽ ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ എന്നിവയെ ഏകീകരിക്കാനാണ് തീരുമാനം. ബജറ്റ് സമ്മേളനത്തിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സാധ്യത.

ബിൽ പാസാവുന്നതോടെ ഏകീകൃത ഡൽഹി കോർപറേഷൻ രൂപപ്പെടും. ഇതോടെ ഡൽഹി കോർപറേഷനുകളിൽ ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വലിയ കടബാധ്യതയും വരവ് ചെലവ് കണക്കുകളുടെ അസമത്വവും കൃത്യമായി ശമ്പളവിതരണം നടക്കാത്തതിനെ ചൊല്ലി ജീവനക്കാർ സമരം നടത്തുന്നതുമെല്ലാമാണ് കോർപറേഷൻ സംയോജനത്തിന് കാരണമായി ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

കോർപറേഷനുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിൽ വലിയ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചതിന് പിന്നാലെ മൂന്നും ഒന്നിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Related Tags :
Similar Posts