< Back
India
അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി നിരോധനം
India

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി നിരോധനം

റിഷാദ് അലി
|
25 Feb 2026 6:00 PM IST

അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു.

മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

പ്ലാറ്റ്‌ഫോമുകൾക്കെതിരെ ലഭിച്ച നിരവധി പരാതികളെത്തുടർന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച ശേഷമാണ് പൂട്ടിട്ടതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഡിജിറ്റൽ ഇടങ്ങളിലെ നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 (IT Rules, 2021) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്.

ഒടിടി പ്ലാറ്റ്‌ഫോമുകൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം 2025 ഫെബ്രുവരിയിൽ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിൽ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും നഗ്നതാ പ്രദർശനവും അശ്ലീല ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നതായാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം നിരോധിച്ച അഞ്ച് പ്ലാറ്റ്‌ഫോമുകളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Similar Posts