< Back
India
3,000 യുക്രൈൻ പൗരൻമാര്‍ ഇന്ത്യയിലെത്തിയെന്ന വാർത്ത വ്യാജം; സോഷ്യൽമീഡിയ പ്രചരണം തള്ളി കേന്ദ്രം
India

3,000 യുക്രൈൻ പൗരൻമാര്‍ ഇന്ത്യയിലെത്തിയെന്ന വാർത്ത വ്യാജം; സോഷ്യൽമീഡിയ പ്രചരണം തള്ളി കേന്ദ്രം

ജെയ്സി തോമസ്
|
21 March 2026 9:48 AM IST

അറസ്റ്റിലായ ഏഴ് പേരിൽ കൊൽക്കത്ത വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത യുഎസ് പൗരൻ മാത്യു ആരോൺ വാൻഡൈക്കും ഉൾപ്പെടുന്നു

ഡൽഹി: മൂവായിരത്തോളം യുക്രൈൻ പൗരൻമാര്‍ രാജ്യത്തേക്ക് കടന്നുകയറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്രസര്‍ക്കാര്‍. യുക്രൈൻ സ്വദേശികൾ ഇന്ത്യയിൽ പ്രവേശിച്ച് വിമത ഗ്രൂപ്പുകളെ പരിശീലിപ്പിക്കുന്നതിനായി വടക്കുകിഴക്കൻ മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്ന സോഷ്യൽ മീഡിയ അവകാശവാദങ്ങൾ വെള്ളിയാഴ്ച കേന്ദ്രം നിഷേധിച്ചു. ഇത്തരം വാര്‍ത്തകൾ വ്യാജമാണെന്നും ചൂണ്ടിക്കാട്ടി.

യുഎസ് കൂലിപ്പടയാളികളുടെ സഹായത്തോടെ 3,000 യുക്രേനിയക്കാര്‍ വടക്കുകിഴക്കൻ ഇന്ത്യയിൽ തങ്ങുന്നുണ്ടെന്നും ഇവർ ഡ്രോൺ സാങ്കേതികവിദ്യയിലും മറ്റും സായുധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകുന്നുണ്ടെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ വാദങ്ങൾ. "മിസോറാം വഴി മ്യാൻമറിലേക്ക് അനധികൃതമായി കടന്നതിന് 7 വ്യക്തികളെ (6 യുക്രേനിയക്കാരും 1 അമേരിക്കക്കാരനും) എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ ഏജൻസികൾ പൂർണമായും ജാഗ്രത പാലിക്കുന്നു, അന്വേഷണം തുടരുകയാണ്" പ്രസ്താവനയിൽ പറയുന്നു.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, വിദേശികൾക്ക് നിയന്ത്രണമുള്ള മിസോറാം പോലുള്ള സ്ഥലങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുകയും അവിടെനിന്ന് മ്യാൻമറിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് എൻഐഎ പറയുന്നത്. ഇന്ത്യാ വിരുദ്ധ കലാപ ഗ്രൂപ്പുകളുമായി അടുത്ത് പ്രവർത്തിക്കുന്ന മ്യാൻമറിലെ സായുധ സംഘങ്ങളെ സഹായിച്ചതിന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാങ്കിവ് മരിയൻ, ഹോഞ്ചരുക് മാക്സിം, കാമിൻസ്കി വിക്ടർ എന്നീ ആറ് യുക്രേനിയൻ പൗരന്മാരെയാണ് ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽ നിന്ന് ആദ്യം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഏഴ് പേരിൽ കൊൽക്കത്ത വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത യുഎസ് പൗരൻ മാത്യു ആരോൺ വാൻഡൈക്കും ഉൾപ്പെടുന്നു.കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.അറസ്റ്റിലായവരെ മാർച്ച് 16 ന് കോടതിയിൽ ഹാജരാക്കി, 11 ദിവസത്തേക്ക് എൻ‌ഐ‌എയുടെ കസ്റ്റഡിയിൽ വിട്ടു.

Related Tags :
Similar Posts