
സ്വാമി ചൈതന്യാനന്ദ സരസ്വതി-Photo|HINDU
പീഡന പരാതിയിൽ കേസെടുത്തതിന് ശേഷം 50 ലക്ഷം രൂപ പിൻവലിച്ചു; ചൈതന്യാനന്ദയുടെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
|പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്
ഡൽഹി: ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ 17 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു മുതൽ ആഡംബര കാറുകളിൽ വ്യാജ നയതന്ത്ര പ്ലേറ്റുകൾ ഉപയോഗിച്ചതുവരെ ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്‍റ് ഡയറക്ടറും സ്വയം പ്രഖ്യാപിത ആൾദൈവവുമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ആരോപണങ്ങളുടെ പട്ടിക ഇവിടം കൊണ്ടു തീരുന്നില്ല. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം 8 കോടിയാണ് ഉള്ളത്. സ്വാമി സ്ഥാപിച്ച ഒരു ട്രസ്റ്റിന്‍റേതാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. 32 വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ ആവര്‍ത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ആറ് പേജുള്ള എഫ്ഐആറിൽ പറയുന്നു. ഹോളി ആഘോഷത്തിനിടെ വിദ്യാർഥിനികളെ വരിവരിയായി നിർത്തി സ്വാമി തന്നെയാണ് ആദ്യം കവിളിൽ നിറം പുരട്ടിയിരുന്നത്. ''ഓരോ വിദ്യാർഥിനിയും 'ഹരി ഓം' പറയുകയും അദ്ദേഹത്തിന്റെ മുന്നിൽ കുമ്പിടുകയും വേണം, അതിനുശേഷം അദ്ദേഹം അവരുടെ കവിളിൽ നിറം പുരട്ടും''എഫ്ഐആറിൽ പറയുന്നു.