< Back
India
Chandrashekhar Azad Bhim army ചന്ദ്രശേഖർ ആസാദ് ഭീം ആർമി

ചന്ദ്രശേഖര്‍ ആസാദ്

India

ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ആശുപത്രി വിട്ടേക്കും

Web Desk
|
29 Jun 2023 9:17 AM IST

അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് ആസാദ് പറഞ്ഞു

ന്യൂഡല്‍ഹി: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ആശുപത്രി വിട്ടേക്കും. സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആസാദിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ആശുപത്രി വിട്ടതിന് ശേഷം ആസാദ് ഭരത്പൂര്‍ ജാതവ ഏകതാ സമ്മേളനത്തില്‍ പങ്കെടുക്കും. മറ്റന്നാളാണ് ഭരത്പൂര്‍ സമ്മേളനം നടക്കുന്നത്.

അക്രമത്തിന് പിന്നാലെ സമാധാനം പാലിക്കണമെന്ന ആഹ്വാനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. അണികള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ആസാദ് സമാധാനം പാലിക്കണമെന്നാവശ്യപെട്ടത്. പെട്ടന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ലെന്നും, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും ആസാദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ വെച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്.

ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്തു അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്.

Similar Posts