< Back
India
Chandrayaan-3 successfully inserted into lunar orbit

പ്രതീകാത്മക ചിത്രം

India

ചന്ദ്രയാന്‍-3 ചാന്ദ്ര ഭ്രമണപഥത്തില്‍; ചന്ദ്രനെ വലംവച്ചു തുടങ്ങി

Web Desk
|
5 Aug 2023 8:37 PM IST

പേടകം ചന്ദ്രനെ വലംവച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ ശനിയാഴ്ച അറിയിച്ചു

ബെംഗളൂരു: ചന്ദ്രയാൻ മൂന്ന്‌ ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ച് വലയം ചെയ്തു തുടങ്ങി. നിർണായകമായ ചാന്ദ്ര വലയ പ്രവേശം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. നാളെ രാത്രി 11 മണിക്ക് പേടകത്തിന്‍റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ നടക്കും.

ഇതാ ഇന്ത്യയുടെ ചാന്ദ്രദൗത്യം, ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികയെത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുന്ന ചാന്ദ്രവലയ പ്രവേശ പ്രക്രിയ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തിയ പേടകത്തെ വിപരീത ദിശയിൽ എൻജിൻ ജ്വലിപ്പിച്ച് 172 മുതൽ, 18,058 കിലോമീറ്റർ വരെയുള്ള ചാന്ദ്ര ഭ്രമണപാതയിലേക്ക് എത്തിക്കുന്ന സങ്കീർണമായ ഘട്ടമാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. പ്രൊപ്പൽഷൻ മോഡ്യൂളിലെ ലാം എൻജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് പേടകത്തെ ചാന്ദ്രഭ്രമണപഥത്തിലേക്ക് എത്തിച്ചത്.

ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ട്രാക്കിംഗ് കേന്ദ്രം ഈസ് ട്രാക്കിൽ നിന്നാണ് ചന്ദ്രയാൻ പേടകത്തെ നിയന്ത്രിക്കുന്നത്. നാളെ രാത്രി 11 മണിക്ക് ചന്ദ്രോപരിതലത്തിലേക്ക് പേടക താഴ്ന്നിറങ്ങുന്ന ആദ്യഘട്ടത്തിന് തുടക്കമാകും. ദീർഘവൃത്താകൃതിയിൽ ചന്ദ്രനെ വലയം ചെയ്യുന്ന പേടകം, ഭ്രമണപഥം കുറച്ചു കൊണ്ടുവന്ന്‌ 100 കിലോമീറ്റർ പരിധിയിൽ എത്തിയാൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിനെ വേർപെടുത്തും.

ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്ത് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്‍റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്. ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ശേഷം, ആഗസ്ത് 17-നാണ് പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപെടുത്തുക. പിന്നീട്, ലാൻഡർ സ്വയം മുന്നോട്ട് കുതിക്കും. എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ആഗസ്ത് 23-ന് വൈകിട്ടോടെ ചന്ദ്രന്‍റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്.ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.

Similar Posts