< Back
India
chandrayaan
India

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും; ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

Web Desk
|
24 Aug 2023 9:45 AM IST

14 ഭൗമ ദിനങ്ങളാണ് റോവർ ഗവേഷണം നടത്തുക

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം നടത്തും. 27 കിലോ ഭാരമാണ് റോവർ പ്രഗ്യാന് ഉള്ളത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രഗ്യാനിന് ഇപ്പോഴുള്ള ഊർജം ഉപയോഗിച്ച് ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമ ദിനങ്ങൾ പ്രവർത്തിക്കാൻ കഴിയും. റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് ചന്ദ്രോപരിതലത്തെ വിശകലനം ചെയ്യുകയും അതിന്റെ രാസ, ധാതുക്കളുടെ ഘടന കണ്ടെത്തുകയും ചെയ്യും.

ആൽഫ കണികാ എക്‌സ്-റേ സ്‌പെക്ട്രോമീറ്ററിന് ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ചന്ദ്ര മണ്ണിന്റെയും പാറകളുടെയും മൂലക ഘടന കണ്ടെത്താൻ കഴിയും. ചന്ദ്രന് പിന്നാലെ സൂര്യനിൽ വ്യാഴത്തിലും പരിവേഷണം നടത്താൻ ഇന്ത്യ ഒരുങ്ങുന്നതായി പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്‍വൈസര്‍ ഡോ. അജയ് സൂദ് മീഡിയാവണിനോട് പറഞ്ഞു. ബഹിരാകാശ ടൂറിസം രംഗത്ത് ഇന്ത്യ ചുവടുറപ്പിക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോവർ പ്രഗ്യാനിന്റെ പ്രവർത്തനങ്ങൾ ഐഎസ്ആർഒ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. റോവർ ചന്ദ്രോപരിതലത്തിൽ ചെയ്യേണ്ടുന്ന പ്രവർത്തനങ്ങൾ അടങ്ങിയ അഞ്ച് സയന്റിഫിക് പേലോഡുകൾ ലാൻഡർ മൊഡ്യൂളിൽ സ്ഥാപിച്ചിട്ടുണ്ട്.


Similar Posts