< Back
India
സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകും: ബിജെപി എംപിമാർക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
India

"സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകും": ബിജെപി എംപിമാർക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Web Desk
|
7 Dec 2021 12:08 PM IST

'കുട്ടികളോടെന്ന പോലെ ഞാൻ തുടർച്ചയായി നിങ്ങളുടെ മേല്‍ സമ്മർദം ചെലുത്തേണ്ടിവരുന്നത് നല്ലതല്ല'

പാർലമെന്‍റ് സമ്മേളനത്തില്‍ മുടങ്ങാതെ പങ്കെടുക്കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ സമയബന്ധിതമായി ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

"പാർലമെന്‍റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. കുട്ടികളോടെന്ന പോലെ ഈ വിഷയത്തിൽ ഞാൻ തുടർച്ചയായി നിങ്ങളുടെ മേല്‍ സമ്മർദം ചെലുത്തേണ്ടിവരുന്നത് നല്ലതല്ല. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ തക്കസമയത്ത് മാറ്റങ്ങൾ ഉണ്ടാകും"- പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു.

നാഗാലാൻഡിൽ സൈന്യത്തിന്‍റെ വെടിവെപ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെയാണ് മോദിയുടെ ശാസന. ഈ സമ്മേളനത്തിനിടെ 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെയും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. വര്‍ഷകാല സമ്മേളനത്തിനിടെയുള്ള ബഹളത്തിന്‍റെ പേരിലാണ് ശീതകാല സമ്മേളനത്തില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. കര്‍ഷകരുടെ താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നു. എണ്ണത്തില്‍ കുറവായിരുന്നിട്ടും പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും സ്തംഭിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ശാസന.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Related Tags :
Similar Posts