
'ജ്യോതി മല്‍ഹോത്ര പാക് ഏജന്‍റുമാര്‍ക്ക് വര്‍ഷങ്ങളോളം തന്ത്രപരമായ വിവരങ്ങള്‍ കൈമാറി'; 2,500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്
|മേയ് 16 നാണ് ചാരവൃത്തി ആരോപിച്ച് ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്കെതിരെ ഹിസാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചു.ഏകദേശം 2,500 പേജുള്ള കുറ്റപത്രമാണ് പ്രാദേശിക കോടതിയിൽ സമർപ്പിച്ചത്. ജ്യോതി മൽഹോത്ര ചാരവൃത്തിയിൽ പങ്കാളിയാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ എസ്‌ഐടി പറഞ്ഞു.
മേയ് 16 നാണ് ചാരവൃത്തി ആരോപിച്ച് ഹിസാർ പൊലീസ് മൽഹോത്രയെ അറസ്റ്റ് ചെയ്തത്. ജ്യോതി മൽഹോത്ര പാകിസ്താന്‍ ഏജന്റുമാർക്ക് വളരെക്കാലമായി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുകയും അവരുമായി പതിവായി ബന്ധം പുലർത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ യൂട്യൂബറായിരുന്ന ജ്യോതി പാകിസ്താന്‍ സന്ദർശനത്തിനിടെ ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുകയായിരുന്നെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്.
ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ എഹ്‌സാൻ-ഉർ-റഹീം ഡാനിഷ് അലിയുമായി ജ്യോതി നടത്തിയ ഫോണ്‍ സംഭാഷണങ്ങൾ കണ്ടെത്തിയതായും ഷാക്കിർ, ഹസൻ അലി, നാസിർ ദില്ലൺ എന്നീ ഐഎസ്‌ഐ പ്രവർത്തകരുമായും ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
2023 നവംബർ മുതൽ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായിരുന്നു എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്നാരോപിച്ച് മേയ് 13 ന് ഡാനിഷിനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.
നിലവില്‍ ജ്യോതി മൽഹോത്ര ജയിലിലാണ്.കേസില്‍ അറസ്റ്റിലാകുന്ന സമയത്ത് യൂട്യൂബിൽ 3.70 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇൻസ്റ്റഗ്രാമിൽ 1.32 ലക്ഷം ഫോളേവേഴ്‌സുമുള്ള ട്രാവൽ വ്‌ളോഗറായിരുന്നു ജ്യോതി മൽഹോത്ര. ജ്യോതി മൽഹോത്ര വന്ദേഭാരത് ഉദ്ഘാടനത്തിനും കേരളത്തിലെത്തിയിരുന്നു. കാസർകോട് നിന്ന് ഫ്‌ലാഗ്ഓഫ് ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതിമൽഹോത്ര യാത്ര ചെയ്തതിരുന്നത്.ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന വിവരാവകാശ രേഖകളും പുറത്ത് വന്നിരുന്നു.