
150 ഡിഗ്രിയുള്ള ചെന്നൈ പ്രഫസർ; പിന്നിൽ അമ്മക്ക് നൽകിയ ഒരു സത്യത്തിന്റെ കഥ
|ചെന്നൈയിൽ നിന്നുള്ള പ്രഫസർ വി.എൻ പാർഥിപന് പരീക്ഷയെന്നാൽ ജീവിതരീതിയാണ്
ചെന്നൈ: പരീക്ഷകൾ എന്ന് കേൾക്കുമ്പോൾ പരിഭ്രമിക്കുന്ന ആളുകളാണ് നമ്മളിൽ പലരും. മിക്ക ആളുകൾക്കും പരീക്ഷകൾ മറികടക്കാനും മുന്നോട്ട് പോകാനും വളരെയധികം പ്രയത്നിക്കുകയും വേണം. എന്നാൽ ചെന്നൈയിൽ നിന്നുള്ള പ്രഫസർ വി.എൻ പാർഥിപന് അവ ഒരു ജീവിതരീതിയാണ്. സഹപ്രവർത്തകർ കരിയർ ആസൂത്രണം ചെയ്യുമ്പോൾ അദേഹം ബിരുദങ്ങൾ ശേഖരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടിയൊന്നുമല്ല പാർഥിപൻ ബിരുദങ്ങൾ വാങ്ങി കൂട്ടുന്നത്. മറിച്ച് ആദ്യത്തെ ഡിഗ്രി കഷ്ടിച്ച് പാസായതിനുശേഷം അമ്മക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനായിരുന്നു. ആ വാഗ്ദാനം ഒരു നിരന്തരമായ പ്രേരണയായി മാറി.
60 വയസുള്ള പ്രഫസർ പാർഥിപൻ 150ലധികം ബിരുദങ്ങൾ നിലവിൽ സ്വന്തമാക്കി കഴിഞ്ഞു. സ്വന്തം നാട്ടിൽ 'ഡിഗ്രികളുടെ ശേഖരം' എന്നും 'സഞ്ചരിക്കുന്ന വിജ്ഞാനകോശം' എന്നുമാണ് പാർഥിപൻ അറിയപ്പെടുന്നത്. 1981 മുതലാണ് പാർഥിപൻ പഠനത്തിന് വേണ്ടി തുനിഞ്ഞിറങ്ങിയത്. പാർഥിപന്റെ ശമ്പളത്തിന്റെ ഏകദേശം 90% ഫീസ്, പുസ്തകങ്ങൾ, പരീക്ഷാ ചെലവുകൾ എന്നിവക്കായാണ് ചെലവഴിക്കുന്നത്.
1982 മുതൽ അധ്യാപന ജീവിതം ആരംഭിച്ച പാർഥിപൻ ഇപ്പോൾ ചെന്നൈയിലെ ആർകെഎം വിവേകാനന്ദ കോളേജിൽ അസോസിയേറ്റ് പ്രഫസറും കൊമേഴ്‌സ് വിഭാഗം മേധാവിയുമാണ്. രാവിലെ 5 മണിക്ക് ഉണരുന്ന പാർഥിപൻ രാത്രി വളരെ വൈകും വരെ പഠിക്കും. പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു രീതിയാണിത്. ഞായറാഴ്ചകളിൽ ഗവേഷണത്തിനോ, ക്ലാസുകൾക്കോ, പരീക്ഷകൾക്കോ വേണ്ടി ചെലവഴിക്കുന്നു. പഠനത്തിൽ നിന്നുള്ള ഏക ഇടവേള എന്ന നിലയിൽ എല്ലാ ഞായറാഴ്ച വൈകുന്നേരവും പാർഥിപൻ കണ്ണദാസന്റെ പാട്ടുകൾ കേൾക്കുന്നു.
പ്രഫസർ പാർഥിപന്റെ ബിരുദങ്ങളുടെ എണ്ണം പോലെ തന്നെ വൈവിധ്യപൂർണവുമാണ്. 13 മാസ്റ്റേഴ്സ് ഓഫ് ആർട്സ് (എംഎ), 8 മാസ്റ്റേഴ്‌സ് ഓഫ് കൊമേഴ്‌സ് (എംകോം), 4 മാസ്റ്റേഴ്സ് ഓഫ് സയൻസ് (എം.എസ്സി), 13 നിയമ ബിരുദങ്ങൾ (വിവിധ ശാഖകൾ), 12 മാസ്റ്റേഴ്സ് ഓഫ് ഫിലോസഫി (എംഫിൽ), 14 ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് (എംബിഎ), 20 പ്രൊഫഷണൽ കോഴ്‌സുകൾ, 11 സർട്ടിഫിക്കറ്റ് കോഴ്സുകൾ, 9 പിജി ഡിപ്ലോമ കോഴ്സുകൾ എന്നിവ പ്രഫസറുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ നിരവധി ഡിപ്ലോമകളും പിജി ഡിപ്ലോമകളും പാർഥിപൻ സ്വന്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രം, പൊതുഭരണം, രാഷ്ട്രമീമാംസ, നിയമം എന്നിവയിൽ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും അദേഹം നേടിയിട്ടുണ്ട്. പാർഥിപൻ ഇപ്പോൾ മാനേജ്‌മെന്റിൽ പിഎച്ച്ഡിയും കോർപ്പറേറ്റ് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടുന്നു.