
കൊച്ചുമകനെതിരായ പണമിടപാട് കേസ്: ശിവാജി ഗണേശന്റെ ബംഗ്ലാവിന്റെ ഒരുഭാഗം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്
|ശിവാജിയുടെ കൊച്ചുമകന്‍ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതിയായ കേസിലാണ് നടപടി
ചെന്നൈ: പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടന്‍ ശിവാജി ഗണേശന്റെ വീടായ അണ്ണൈ ഇല്ലത്തിന്റെ ഒരുഭാഗം കണ്ടുകെട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശിവാജിയുടെ കൊച്ചുമകന്‍ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതിയായ കേസിലാണ് നടപടി. ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മകനുമായ രാംകുമാറിന്റെ കുടുംബ ഓഹരി എന്ന നിലയില്‍ ലഭിച്ച ടി നഗറിലുള്ള ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്.
സിനിമാ നിര്‍മാണത്തിനായി വായ്പയെടുത്ത 3.75 കോടി രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ധനഭാഗ്യം എന്റര്‍പ്രൈസസ് എന്ന ധനകാര്യ സ്ഥാപനമാണ് ദുഷ്യന്തിനെതിരെ കോടതിയെ സമീപിച്ചത്. 'ജഗജാല കില്ലാഡി' എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് ധനഭാഗ്യം എന്റര്‍പ്രൈസസില്‍ നിന്നു ദുഷ്യന്ത് 30 ശതമാനം വാര്‍ഷിക പലിശയ്ക്ക് പണം കടം വാങ്ങിയത്. ഇതിനുള്ള കരാറില്‍ രാംകുമാറും ഒപ്പിട്ടിരുന്നു.
പണം പൂര്‍ണമായി നല്‍കാതെവന്നതോടെ ധനഭാഗ്യം എന്റര്‍പ്രൈസസിന്റെ ഉടമയായ അക്ഷയ് സരിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് അബ്ദുള്‍ ക്വദ്ദോസാണ് ബംഗ്ലാവിന്റെയും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും നാലിലൊന്ന് ഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.