< Back
India
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് ഇനി സോളാർ പ്രഭ
India

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് ഇനി സോളാർ പ്രഭ

Web Desk
|
25 Sept 2021 6:33 PM IST

പ്ലാറ്റ്‌ഫോം ഷട്ടറുകളിലാണ് പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വെ സ്‌റ്റേഷനിലേക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇനി സോളാറില്‍ നിന്നാവും

ചെന്നൈ പുരട്ചി തലൈവന്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷൻ ഇനിമുതല്‍ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും. ഇതോടെ ഇന്ത്യയില്‍ പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനായി ചെന്നൈ സെന്‍ട്രല്‍ മാറി. 1.5 മെഗാവാട്ട് വൈദ്യുതിയാണ് സോളാര്‍ പാനല്‍ ഉത്പാദിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഷട്ടറുകളിലാണ് പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇനി സോളാറില്‍ നിന്നാവും.

ചെന്നൈ സെന്ട്രല്‍ റെയിൽവേ സ്റ്റേഷൻ പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തനമാരംഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

''സൗരോര്‍ജത്തിന്റെ കാര്യത്തില്‍ ചെന്നൈ പുരട്ചി തലൈവന്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷൻ മാര്‍ഗദര്‍ശമാകുന്നതില്‍ സന്തോഷം'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വാര്‍ത്താ വിനിമയ ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യാ മന്ത്രി അശ്വിനി വൈഷ്‌ണോയുടെ ട്വീറ്റിനുള്ള മറുപടിയായായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കൊച്ചി എയർപോർട്ടാണ് പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സൗരോര്‍ജ വിമാനത്താവളം. വിമാനത്താവളത്തിന്റെ ഭാഗമായ സൗരോര്‍ജ പാടത്തുനിന്നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട മുഴുവന്‍ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്.

Related Tags :
Similar Posts