< Back
India
Neelkanth Kakkem

നീലകണ്ഠ് കക്കേം

India

ബി.ജെ.പി നേതാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മാവോയിസ്റ്റുകൾ കുടുംബത്തിന് മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി

Web Desk
|
6 Feb 2023 11:33 AM IST

കഴിഞ്ഞ 15 വർഷമായി ബി.ജെ.പി ഉസൂർ ബ്ലോക്ക് പ്രസിഡന്‍റായിരുന്നു നീലകണ്ഠ് കക്കേം

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂരിൽ നിന്നുള്ള ബി.ജെ.പി നീലകണ്ഠ് കക്കേമിനെ മാവോയിസ്റ്റുകൾ ആക്രമിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വീട്ടില്‍ നിന്നും വലിച്ചിഴച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ചാണ് കൊലപ്പെടുത്തിയത്. ഫെബ്രുവരി 5നാണ് സംഭവം.


കഴിഞ്ഞ 15 വർഷമായി ബി.ജെ.പി ഉസൂർ ബ്ലോക്ക് പ്രസിഡന്‍റായിരുന്നു നീലകണ്ഠ് കക്കേം. ഞായറാഴ്ച പൈക്രമിലെ തന്‍റെ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണമെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എസിപി) ചന്ദ്രകാന്ത് ഗവർണ പറഞ്ഞു.കോടാലിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റുകള്‍ നീലണകണ്ഠിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ കക്കേം കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് എസിപി അറിയിച്ചു. മൂന്ന് പേർ ചേർന്ന് നീലകണ്ഠിനെ വീടിന് പുറത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി, വീട്ടുകാരുടെയും മറ്റ് നാട്ടുകാരുടെയും മുന്നില്‍ വച്ച് ക്രൂരമായി വെട്ടിയ ശേഷം ഓടിപ്പോയെന്ന് നീലകണ്ഠ് കക്കേമിന്റെ ഭാര്യ ലളിത കക്കേം പറഞ്ഞു.



ലഭിച്ച വിവരമനുസരിച്ച് 150ലധികം സായുധ മാവോയിസ്റ്റുകൾ ആക്രമണം നടത്താൻ ഗ്രാമത്തിൽ എത്തിയിരുന്നുവെന്നും എന്നാൽ മൂന്ന് പേർ മാത്രമാണ് ബി.ജെ.പി നേതാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്നും എസിപി കൂട്ടിച്ചേർത്തു. സാധാരണ വേഷത്തിലായിരുന്നു മാവോയിസ്റ്റുകൾ.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



Similar Posts