< Back
India
ഗുണ്ടാരാജ് അംഗീകരിക്കാനാവില്ല; കോടതിക്കുള്ളിലെ ആക്രമണത്തിൽ അഭിഭാഷകനോട് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ്
India

'ഗുണ്ടാരാജ് അംഗീകരിക്കാനാവില്ല'; കോടതിക്കുള്ളിലെ ആക്രമണത്തിൽ അഭിഭാഷകനോട് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ്

ശരത് ഓങ്ങല്ലൂർ
|
9 Feb 2026 2:02 PM IST

ഫെബ്രുവരി ഏഴിന് ജില്ല കോടതിയിൽ വച്ച് മർദനമേറ്റു എന്ന് പറഞ്ഞാണ് അഭിഭാഷകൻ സുപ്രിംകോടതിയെ സമീപിച്ചത്

ന്യൂഡൽഹി: കോടതിക്കുള്ളിൽ വെച്ച് മർദനമേറ്റെന്ന അഭിഭാഷകൻ്റെ പരാതിയിൽ ഹൈക്കോടതി സമീപിക്കാൻ നിർദേശിച്ച് സുപ്രിംകോടതി. ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ജില്ലാ കോടതി മുറിയിൽ വച്ച് തനിക്കെതിരെ ശാരീരിക ആക്രമണം ഉണ്ടായെന്ന് കാണിച്ചാണ് അഭിഭാഷകൻ സുപ്രിംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ തൻ്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. തീസ് ഹസാരി ജില്ല കോടതിയിൽ ജഡ്ജിയുടെ മുന്നിൽ വെച്ച് തന്നെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ പരാതി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് മർദനമേറ്റത്. വാദി ഭാഗത്തിന്റെ അഭിഭാഷകൻ ഒരു കൂട്ടം ഗുണ്ടകളെ കൂട്ടി വന്ന് തന്നെ ആക്രമിക്കുകയായിരുന്നു. ജഡ്ജി ആ സമയം കോടതി മുറിയിൽ ഉണ്ടായിരുന്നുവെന്നും സുപ്രിംകോടതിയെ സമീപിച്ച അഭിഭാഷകൻ പറഞ്ഞു.

ഫെബ്രുവരി ഏഴിന് ഉണ്ടായ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി ബെഞ്ച് നിർദേശിച്ചത്. 'ഫെബ്രുവരി 7-നാണ് ഇത് നടന്നത്. ഇക്കാര്യം നിങ്ങൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചിട്ടുണ്ടോ? ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി അതിന്റെ പകർപ്പ് തനിക്ക് കൂടി നൽകണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കട്ടെ. ഭരണപരമായ തലത്തിലായിരിക്കും നടപടിയുണ്ടാകുക എന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Similar Posts