< Back
India
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്; ഗുജറാത്തിൽ രണ്ട് വർഷത്തിനിടെ പൂട്ടിയത് 75 സർക്കാർ സ്‌കൂളുകൾ
India

കുട്ടികളുടെ കൊഴിഞ്ഞുപോക്ക്; ഗുജറാത്തിൽ രണ്ട് വർഷത്തിനിടെ പൂട്ടിയത് 75 സർക്കാർ സ്‌കൂളുകൾ

ശരത് ഓങ്ങല്ലൂർ
|
2 March 2026 10:17 PM IST

ഗോത്രവർഗ മേഖലകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം, 2023 ഡിസംബറിലെ കണക്കനുസരിച്ച്, 1,606 സർക്കാർ സ്‌കൂളുകൾ ഏക അധ്യാപകൻ മാത്രമാണുള്ളത്

അഹമ്മദാബാദ്: ഗുജറാത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ രണ്ട് അധ്യായന വർഷങ്ങളിലായി പഠിക്കാൻ കുട്ടികൾ എത്താത്തതിനെ തുടർന്ന് ഗുജറാത്തിലെ 75 സർക്കാർ പ്രൈമറി സ്‌കൂളുകളാണ് പൂട്ടിയത്. 2026 ജനുവരി 21 വരെയുള്ള കണക്കുകളാണിത്. ഗുജറാത്ത് സർക്കാറാണ് നിയമസഭയിൽ കണക്കുകൾ അവതരിപ്പിച്ചത്. പരിതാപകരമായ അവസ്ഥയിലുള്ള പല സ്‌കൂളുകളിൽ കഴിഞ്ഞ ഏതാനും വർഷമായിട്ട് ഒരു വിദ്യാർഥി പോലും ചേർന്നിട്ടില്ലെന്നാണ് കണക്കുകൾ.

പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഭൂരിഭാഗവും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടർന്നാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവ പ്രവർത്തിക്കുന്നത്.ഗോത്രവർഗ മേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം. ഖാൻപൂർ താലൂക്കിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് 12.21 ശതമാനവും ആൺകുട്ടികളുടേത് 10.09 ശതമാനവുമാണ്. ഛോട്ടാ ഉദയ്പൂർ ജില്ലയിലെ കാവന്ത് താലൂക്കിൽ 11 ശതമാനത്തിലധികം കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നുവെന്നാണ് കണക്ക്. സബർകന്തജില്ലയിൽ പോഷിന താലൂക്കിൽ 10.57 ശതമാനമാണ് കൊഴിഞ്ഞുപോക്ക് നിരക്ക്.

അധ്യാപക ക്ഷാമമാണ് ഗുജറാത്ത് സർക്കാർ സ്‌കൂളുകൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. 2023 ഡിസംബറിലെ കണക്കനുസരിച്ച്, 1,606 സർക്കാർ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് വെറും ഒരു അധ്യാപകൻ മാത്രമായാണ്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഈ ഏക അധ്യാപകൻ പഠിപ്പിക്കേണ്ടി വരുന്നു. 2022-ൽ 700 ആയിരുന്ന ഇത്തരത്തിലുള്ള സ്‌കൂളുകളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനും സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്.

Similar Posts