
ആർഎസ്എസ്-ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ
|2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) പ്രതിനിധി സംഘം ബിജെപി ആസ്ഥാനം സന്ദർശിക്കുന്നത്
ന്യൂഡൽഹി: 2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) പ്രതിനിധി സംഘം ബിജെപി ആസ്ഥാനം സന്ദർശിച്ചു. ചൈനീസ് ഉപമന്ത്രി സൺ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ന്യൂ ഡൽഹിയിലുള്ള ബിജെപി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായുള്ള (ആർഎസ്എസ്) കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഭരണകക്ഷിയായ ബിജെപി ആസ്ഥാനം സന്ദർശിച്ചത്.
ഇതിന് പിന്നാലെ പ്രതിനിധി സംഘം ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ആർഎസ്‌എസ് ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നതായി പിടിഐ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം ചോദ്യം ചെയ്ത് കോൺഗ്രസ് പാർട്ടി രംഗത്ത് വന്നു.
2020 ജൂൺ 15ന് ഗാൽവാൻ നദീതടത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന അതിർത്തി ഏറ്റുമുട്ടലാണ് 2020 ഗാൽവാൻ ഏറ്റുമുട്ടൽ. ഇതിന്റെ ഫലമായി 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. 45 വർഷത്തിനുശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന ആദ്യത്തെ സംഘര്ഷമായിരുന്നു ഗാൽവാൻ ഏറ്റുമുട്ടൽ.
ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും (സിപിസി) തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരു സംഘങ്ങളും തമ്മിലുള്ള ചർച്ചകളും ഇടപെടലും വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ബിജെപി വിദേശകാര്യ വകുപ്പ് ഇൻചാർജ് വിജയ് ചൗതൈവാലെ എക്‌സിൽ കുറിച്ചു.
2000കളുടെ അവസാനം മുതൽ ബിജെപിയും സിപിസിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. നിരവധി ബിജെപി പ്രതിനിധികൾ മുതിർന്ന ചൈനീസ് നേതാക്കളെ കാണാൻ ബീജിംഗിൽ സന്ദർശനവും നടത്തിയിരുന്നു. എന്നാൽ 2020ലെ ഗാൽവാൻ നിയന്ത്രണ രേഖയിലെ (എൽഎസി) ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധങ്ങളെ സാരമായി ബാധിക്കുകയും ഇരു വിഭാഗം തമ്മിലുള്ള സന്ദർശനം നിലക്കുകയും ചെയ്തു.
2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം ആദ്യമായി നടക്കുന്ന ഈ ഉഭയകക്ഷി കൂടിക്കാഴ്ചയാണ് സിപിസിയും ബിജെപിയുമായുള്ള കൂടികാഴ്ചയിലേക്ക് വഴിതുറന്നതെന്ന് കരുതുന്നു. കിഴക്കൻ ലഡാക്ക് സെക്ടറിലെ നയതന്ത്ര സംഭാഷണങ്ങൾ പുനരാരംഭിക്കുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കിയിരുന്നു.