< Back
India
ആർസിബിയുടെ വിജയാഘോഷം: ദുരന്ത ഭൂമിയായി ബംഗളൂരു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
India

ആർസിബിയുടെ വിജയാഘോഷം: ദുരന്ത ഭൂമിയായി ബംഗളൂരു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Web Desk
|
4 Jun 2025 6:44 PM IST

12 മരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്‌

ബംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ(ആര്‍സിബി) ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുപെട്ട് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴ് പേരുടെ മരണമായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീടത് ഉയർന്നാണ് 12 ആയത്. 40ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇനിയും മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ദുരന്തത്തിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചു. സ്റ്റേഡിയത്തിലെ ആഘോഷ പരിപാടികൾ നിർത്തിവെച്ചു. ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്. സ്റ്റേഡിയത്തിൽ ഉൾകൊള്ളാവുന്നതിലും അപ്പുറം ആളുകൾ പുറത്ത് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.

ഇവിടെയാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം ജനങ്ങളോട് പിരിഞ്ഞുപോകാൻ പൊലീസ് അഭ്യർഥിച്ചു.

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Similar Posts