< Back
India
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ
India

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

Web Desk
|
6 July 2025 5:36 PM IST

2020 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി 137 സീറ്റിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. ബിജെപി- ജെഡിയു സഖ്യത്തിന്റെ ഭാഗമായാണ് മത്സരിക്കുകയെന്നും 243 മണ്ഡലങ്ങളിലും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ശരൺ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ ചിരാഗ് പാസ്വാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

2020 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി 137 സീറ്റിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച ചിരാഗ് നിലവിൽ കേന്ദ്ര മന്ത്രിയാണ്. ആർജെഡിയുടെ ശിവ ചന്ദ്ര രാമിനെ 1,70,000 വോട്ടിനാണ് ചിരാഗ് പാസ്വാൻ പരാജയപ്പെടുത്തിയത്.

ഭരണഘടനയുടെ പവിത്രത കളങ്കപ്പെടുത്താനാണ് കോൺഗ്രസും ആർജെഡിയും ശ്രമിക്കുന്നതെന്ന് ശരണിലെ റാലിയിൽ ചിരാഗ് പാസ്വാൻ ആരോപിച്ചു. താൻ ജീവിച്ചിരിക്കുന്ന കാലത്തോളം പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണത്തിലോ ഭരണഘടനയിലോ തൊടാൻ ആരെയും അനുവദിക്കില്ല. എക്കാലവും ഭരണഘടനയെ വെല്ലുവിളിക്കുന്നത് കോൺഗ്രസ് ആണ്. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts