< Back
India
നിങ്ങൾക്കായി ഒരു പ്രത്യേക കോടതി തന്നെ ഉണ്ടാക്കേണ്ടി വരുമല്ലോ; ബിജെപി അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്
India

'നിങ്ങൾക്കായി ഒരു പ്രത്യേക കോടതി തന്നെ ഉണ്ടാക്കേണ്ടി വരുമല്ലോ'; ബിജെപി അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

Web Desk
|
24 Nov 2021 4:25 PM IST

ബിജെപിക്കും ആർഎസ്എസിനും വേണ്ടി കോടതിയിൽ നിരന്തരം ഹർജികൾ സമർപ്പിക്കുന്ന അഭിഭാഷകനാണ് അശ്വിനി കുമാർ

ന്യൂഡൽഹി: സുപ്രിംകോടതിയിൽ നിരന്തരം പൊതുതാത്പര്യ ഹർജികൾ സമർപ്പിക്കുന്ന അഭിഭാഷകരെ ഉന്നംവച്ച് ചീഫ് ജസ്റ്റിസ് എൻവി രമണ. ബിജെപി ബന്ധമുള്ള കേസുകൾക്കായി ഹാജരാകുന്ന അശ്വിനി കുമാർ ഉപാധ്യായ, എംഎൽ ശർമ്മ എന്നീ അഭിഭാഷകരെയാണ് ചീഫ് ജസ്റ്റിസ് തമാശ രൂപേണ വിമർശിച്ചത്.

' മിസ്റ്റർ അശ്വിനി കുമാർ ഉപാധ്യായ, നിങ്ങൾ സുപ്രിം കോടതിയിൽ 18 ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ഈ കണക്കിന് ഉപാധ്യായയും എംഎൽ ശർമ്മയും മാത്രം നൽകിയ ഹർജികൾ പരിഗണിക്കാൻ പ്രത്യേക കോടതി തന്നെ സ്ഥാപിക്കേണ്ടി വരും' - എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ. ദ ഹിന്ദു ദിനപത്രത്തിന്റെ ലീഗൽ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാലും നിയമമാധ്യമായ ലൈവ് ലോയും ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍ ട്വീറ്റു ചെയ്തു.

ബിജെപിക്കും ആർഎസ്എസിനും വേണ്ടി കോടതിയിൽ നിരന്തരം ഹർജികൾ സമർപ്പിക്കുന്ന അഭിഭാഷകനാണ് അശ്വിനി കുമാർ. മതപരിവർത്തനം നിരോധിക്കണം, സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കണം, വിദ്യാലയങ്ങളിൽ ഹിന്ദി നിർബന്ധമാക്കണം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണം (പ്രത്യേക പദവി എടുത്തു കളയുന്നതിന് മുമ്പ്), രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം തുടങ്ങിയ ഹിന്ദുത്വ-ബിജെപി ബന്ധമുള്ള വിഷയങ്ങളിലെല്ലാം ഇദ്ദേഹം പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

പൊതുതാത്പര്യ ഹർജികളുടെ 'ഉസ്താദ്' എന്നാണ് എംഎൽ ശർമ്മ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പല ഹർജികളും കോടതി രൂക്ഷമായ പരാമർശത്തോടെ തള്ളിയിട്ടുണ്ട്. എൻഡിഎ, യുപിഎ മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം, കശ്മീരി വിഘടന വാദികൾക്ക് സാമ്പത്തിക സഹായം, റഫാല്‍ ജറ്റ് ഇടപാട്, മി ടൂ, ജമ്മു കശ്മീർ, പെഗാസസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇദ്ദേഹം സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. 1991ൽ ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ളതാണ് ഇദ്ദേഹത്തിന്റെ ആദ്യ ഹർജി.

Related Tags :
Similar Posts