< Back
India
സീറ്റ് വിഭജനത്തിൽ അഴിമതി; പട്ന വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം
India

'സീറ്റ് വിഭജനത്തിൽ അഴിമതി'; പട്ന വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം

Web Desk
|
16 Oct 2025 12:19 PM IST

ബിക്രം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് രോഷാകുലരായി നേതാക്കളെ വളഞ്ഞത്

പട്ന: ബിഹാറിലെ സീറ്റ് വിഭജന ചർച്ചകൾ കഴിഞ്ഞ് മടങ്ങവേ കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം. പട്ന വിമാനത്താവളത്തിൽ വെച്ചായിരുന്നു കോൺ​ഗ്രസ് പ്രവർത്തകരെ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചത്.

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം, ബിഹാർ കോൺഗ്രസ് ഇൻ ചാർജ് കൃഷ്ണ അല്ലവാരു, മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എന്നിവരെയാണ് ആക്രമിച്ചത്. സീറ്റ് വിഭജനത്തിൽ അഴിമതി ആരോപിച്ച് കോൺ​ഗ്രസ് പ്രവർത്തകർ പലസംഘങ്ങളായി നേതാക്കൾക്ക് നേരെ തിരിയുകയായിരുന്നു. ബിക്രം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് രോഷാകുലരായി നേതാക്കളെ വളഞ്ഞത്.

പ്രതിഷേധക്കാർ സ്വന്തം നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. പല സീറ്റുകളിലും സമവായം ഉണ്ടാക്കാൻ കഴിയാത്തതിൽ ഇൻഡ്യാ സഖ്യത്തിൽ കടുത്ത അതൃപ്തിയാണുള്ളത്. അതിനിടെ ജെഡിയു രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. 44 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.

ഇൻഡ്യാ സഖ്യത്തിൽ സീറ്റ് വിഭജന ക്രമീകരണങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം നാളെ പൂർത്തിയാകുമ്പോഴും സീറ്റ് വിഭജനം പ്രഖ്യാപിച്ചിട്ടില്ല. ഇടത് പാർട്ടികളുടെ സീറ്റിന്റെ കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. സീറ്റ് വിഭജനം വളരെ വേഗം പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട മഹാസഖ്യത്തിൽ കാര്യങ്ങൾ അത്ര ശുനകരമല്ല.

സിപിഐഎംഎൽ ഉൾപ്പെടെ ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ ഇപ്പോഴും ആർജെഡി തയ്യാറായിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. സഖ്യത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന സൂചനയായിരുന്നു കഴിഞ്ഞദിവസം 18 സ്ഥാനാർത്ഥികളെ സിപിഐഎംഎൽ പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് മഹാസഖ്യം നടത്തുന്നത്.

ഇതിനിടെ തേജസ്വി യാദവ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. രാഘോപൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി മത്സരിക്കുക. 57 പേരുടെ ആദ്യഘട്ട പട്ടിക ജെഡിയുവും 83 സ്ഥാനാർഥികളെ ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ എൻഡിഎയിൽ ഒന്നും ശരിയല്ലെന്ന് പറഞ്ഞ ആർഎൽഎം മേധാവി ഉപേന്ദ്ര കുശ്‌വാഹ എൻഡിഎക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

എൻ‌ഡി‌എ 160 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആർജെഡി 130 സീറ്റുകളിലും കോൺ​ഗ്രസ് 60 സീറ്റുകളിലും വിഐപി പാർടി 18 സീറ്റുകളിലും മത്സരിക്കുമെന്നാണ് വിവരം. 35 സീറ്റുകളിൽ ഇടത് പാർടികളും മത്സരിച്ചേക്കും.

Similar Posts